കൊച്ചി: കേസിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നവരെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രമസമാധാനപാലനത്തിന്റെ പേരിലുള്ള സംരക്ഷണം നൽകാനാവില്ലെന്ന് ഹൈക്കോടതി.
നിലമ്പൂർ മുൻ എസ്.ഐ സി. അലവി തനിക്കെതിരെ നിലമ്പൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. കേസിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
പൊതുമദ്ധ്യത്തിൽ അപമാനിച്ചെന്നാരോപിച്ച് എടക്കര സ്വദേശി അനീഷ്‌കുമാറിനെതിരെ 2008ൽ ഒരു വനിത പരാതി നൽകിയിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അനീഷിനെ ഏറെനേരം കാത്തുനിർത്തിയെന്നും ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐ അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി. നെഞ്ചിലിടിക്കുകയും ചവിട്ടുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു. അതേ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും അനീഷിന്റെ സഹോദരിയുമായ നിഷ മർദ്ദനം തടയാൻ ശ്രമിച്ചിരുന്നു. ഗർഭിണിയായ നിഷയെയും എസ്.ഐ മർദ്ദിച്ചെന്നാണ് ആരോപണം. ഇവരുടെ മെഡിക്കൽ റിപ്പോർട്ടുകളിൽ പരിക്കുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
അനീഷിനെതിരെ നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ഡിവൈ.എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അനീഷ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് എസ്.ഐക്കെതിരെ കേസെടുത്തത്.
ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് എസ്.ഐ വാദിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് പരാതിക്കിടയാക്കിയ സംഭവമെന്നും പറഞ്ഞു. ഈ വാദങ്ങൾ ഹൈക്കോടതി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |