#കവർച്ചമുതൽ ഒളിപ്പിച്ചത്
കട്ടിലിൽ നിർമ്മിച്ച അറയിൽ
കണ്ണൂർ: വളപട്ടണം മന്നയിലെ അരിമൊത്തവ്യാപാരി കെ.പി. അഷറഫിന്റെ വീട്ടിൽ നിന്നു 1.21 കോടിരൂപയും 267 പവനും കവർന്ന കേസിൽ അയൽവാസിയായ മുണ്ടച്ചാലി ഹൗസിൽ സി.പി.ലിജീഷിനെ(45) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വെൽഡിംഗ് തൊഴിലാളിയായ ലിജീഷിന്റെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിൽ പ്രത്യേകം നിർമ്മിച്ച അറയിൽ നിന്നു ഇവ കണ്ടെടുത്തു. 300 പവനും ഒരു കോടി രൂപയും കവർന്നെന്നായിരുന്നു പൊലീസ് രജിസ്റ്റർചെയ്ത കേസ്.
സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളവും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം തുടങ്ങിയതെങ്കിലും, അഷറഫിന്റെ വീടും പരിസരവും നന്നായി അറിയുന്ന ആളാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കവർച്ച നടത്താനെത്തിയത് ഒരാളാണെന്ന് ബോധ്യമായി.
മോഷണം നടന്ന് നാലു ദിവസം കഴിഞ്ഞാണ് പുറത്ത് അറിഞ്ഞത്. മറ്റാർക്കും പങ്കില്ലെങ്കിൽ, അഷറഫിന്റെ നീക്കങ്ങൾ കൃത്യമായി അറിയാവുന്ന ആളാണെന്ന നിഗമനത്തിലെത്തി.
ബന്ധുക്കളെയും അയൽവാസികളെയും കേന്ദ്രീകരിച്ചായി അന്വേഷണം. ശനിയാഴ്ച ലിജേഷ് അടക്കമുള്ള അയൽവാസികളെ ചോദ്യം ചെയ്തു വിരലടയാളം എടുത്തു. ഈ വിരലടയാളവും കവർച്ച നടന്ന വീട്ടിലെ വിരലടയാളവും ഒന്നായതോടെ പ്രതി ലിജേഷാണെന്ന് ഉറപ്പിച്ചു.
പത്തു കിലോമീറ്ററോളം അകലെയുള്ള കീച്ചേരിയിൽ ഒരു വർഷം മുമ്പ് നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളിലും അഷറഫിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലും പ്രതിയുടെ രൂപം ഏകദേശം ഒന്നായിരുന്നു.
ധരിച്ചിരുന്ന മാസ്കും സമാനമായിരുന്നു.
ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ ലിജേഷിനോട് ആവശ്യപ്പെട്ടു. എത്തിയപ്പോൾ മൊബൈൽ ഫോൺ വാങ്ങിവച്ചശേഷം വൈകീട്ട് വന്ന് തിരിച്ചുവാങ്ങുവാൻ പറഞ്ഞു. ഫോൺ തിരിച്ചുവാങ്ങാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണൂർ സിറ്റി എ.സി.പി ടി.കെ. രത്നകുമാർ, വളപട്ടണം സി.ഐ ടി.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
രണ്ട് ദിവസത്തിനുശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ പറഞ്ഞു.
ശനിയാഴ്ച രാത്രി മുതൽ ചോദ്യം ചെയ്തിരുന്നു.
വിരലടയാളമാണ് നിർണായകമായത്. കീച്ചേരിയിലെ മോഷണത്തിലെ വിരലടയാളവും ഇതായിരുന്നു.
ഞായറാഴ്ച രാത്രി ഏഴരയോടെ കുറ്റം സമ്മതിച്ചു.
ആർ. അജിത്ത് കുമാർ ,
സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |