തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്റെ തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിഷയത്തിൽ തീരുമാനമെടുത്തത്.
ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ നൽകിയ ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. മധു മുല്ലശേരി ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം തീരുമാനമെടുത്തത്. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും പൊതുജനമധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മധു മുല്ലശ്ശേരിയുടെ ഇറങ്ങിപ്പോക്ക്. ഇതു സംബന്ധിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപോയത്. സമ്മേളനം വിട്ട അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായ വിമർശനം നടത്തുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. റഹീം എം.പി, എം. വിജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു മധുവിന്റെ പ്രതിഷേധം. പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പരസ്യമാകുകയും ഏരിയാ കമ്മിറ്റികൾ പോലും പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് മംഗലപുരം ഏരിയാ സമ്മേളനവും തർക്കത്തിൽ കലാശിച്ചത്.
ഇതിനിടെ, മധു ബിജെപിയിൽ ചേരുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇന്നുരാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ വീട്ടിലെത്തി മധുവിനെ ഔദ്യോഗികമായി ബിജെപിയിലേയ്ക്ക് ക്ഷണിക്കും. ഇന്നലെ രാത്രിയോടെ മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |