തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 320 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 40 രൂപ കൂടി 7130 രൂപയായി. ഇതോടെ പവന് 57,040 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന് 56,720 രൂപയായിരുന്നു വില. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
മൂന്ന് ശതമാനം ജിഎസ്‌ടിയും മിനിമം അഞ്ച് ശതമാനം പണിക്കൂലിയും ഹോൾമാർക്ക് ചാർജും കണക്കാക്കിയാൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 61,744 രൂപ നൽകേണ്ടിവരും. ഒരു ഗ്രാമിന് 7,718 രൂപയും. പണിക്കൂലി ഓരോ ജൂവലറിയിലും ആഭരണങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
സ്വർണത്തിന് രാജ്യന്തരമായി വില കുറഞ്ഞിരിക്കെയാണ് കേരളത്തിൽ വില ഉയർന്നത്. രാജ്യാന്തര വില ഔൺസിന് 2,644 ഡോളർവരെ ഉയർന്നെങ്കിലും ഇപ്പോൾ വില 2,640 ഡോളറാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേയ്ക്ക് ഇടിഞ്ഞതിനാൽ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർദ്ധിച്ചതാണ് കേരളത്തിൽ വില ഉയരാൻ കാരണം. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് യുഎസിൽ പലിശനിരക്ക് കാൽ ശതമാനം കുറയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ സ്വർണവില വരുംദിവസങ്ങളിൽ കൂടാൻ ഇടയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.
കഴിഞ്ഞ മാസം സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. നവംബർ 11വരെ സ്വർണ വിലയിൽ വർദ്ധനവുണ്ടായെങ്കിലും അതിനുശേഷം ഇടിഞ്ഞു. കഴിഞ്ഞ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് നവംബർ 17നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായിരുന്നു. ഡിസംബർ ആദ്യവാരത്തോടെ തന്നെ സ്വർണ വിലയിൽ വീണ്ടും കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |