ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. കാശ്മീരിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഗുലാം അഹമ്മദ് മിർ, മുതിർന്ന നേതാവ് രവീന്ദർ ശർമ എന്നിവരെ അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
"എന്ത് കാരണത്താലാണ് നിങ്ങൾ കാശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്? മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കുറ്റകരമാണോ? ഭരണഘടനയെ ബഹുമാനിക്കുകയും ഇതിനായി നിലകൊള്ളുകയും അനുസരിക്കുകയും ചെയ്യുന്ന മുൻ കാശ്‌മീർ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ട് 15 ദിവസമായി. അവരുടെ കുടുംബത്തിനോടുപോലും ആശയവിനിമയം നടത്താൻ അനുവദിക്കുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിശ്വസിക്കുന്നുണ്ടോ?"-പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നതിന് മുന്നെയാണ് ഇരുനേതാക്കളെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇരുവരോടും സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് നേതാക്കളെ കൂട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് ഗുലാം അഹമ്മദ് മിറിനെ വീട്ടുതടങ്കലിലാക്കിയെന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. കാശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |