ന്യൂഡൽഹി: കാശ്മീരിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണെന്നും പാകിസ്ഥാനുമായി ഇനിയുള്ള ചർച്ചകൾ അവർ കയ്യേറിയ കാശ്മീരിന്റെ ഭാഗങ്ങളെ കുറിച്ച് മാത്രം ആയിരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാൻ ഭീകരവാദത്തെ അനുകൂലിക്കുന്നത് നിർത്തലാക്കിയാൽ മാത്രമേ ഈ ചർച്ച സാധ്യമാകൂ എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കാശ്മീരിന്റെ കാര്യവുമായി എല്ലാ രാജ്യങ്ങളുടേയും വാതിലിൽ മുട്ടുകയാണ് പാകിസ്ഥാൻ. എന്നാൽ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത്. കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ആഗോള തലത്തിൽ ഒറ്റപ്പെട്ടു. രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഏതാനും ദിവസം മുൻപാണ് യു.എൻ രക്ഷാസമിതിയിൽ കാശ്‌മീർ പ്രശ്നം ചർച്ചാ വിഷയമാക്കിയ പാകിസ്ഥാന്റെയും ചൈനയുടെയും ഗൂഢ അജൻഡ ഇന്ത്യ തകർത്തത്. തങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനമോ പ്രഖ്യാപനമോ ഇല്ലാതെ രക്ഷാസമിതി യോഗം അവസാനിച്ചത് പാകിസ്ഥാന് വൻ തിരിച്ചടിയായിരുന്നു. കാശ്‌മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനാ വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രക്ഷാസമിതി അംഗങ്ങളെ നേരത്തേ ബോദ്ധ്യപ്പെടുത്താനും ഇന്ത്യയ്‌ക്കായിരുന്നു.
പരമാധികാര രാഷ്‌ട്രമായ ഇന്ത്യയുടെ ഭരണഘടനാ ഭേദഗതി പാകിസ്ഥാന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നതെങ്ങനെയെന്ന് രക്ഷാ സമിതി ചോദിച്ചു. ഇന്ത്യൻ നിലപാട് രക്ഷാസമിതി അംഗീകരിച്ചിരുന്നു. ചൈനയും ഒരു ഘട്ടത്തിൽ ബ്രിട്ടനും ഒഴികെ ആരും പാകിസ്ഥാനെ പിന്തുണച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |