മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. മുംബയിലെ ആസാദ് മൈദാനിലാണ് സത്യപ്രതിജ്ഞ നടക്കുക. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഫഡ്നാവിസ് ഇന്ന് ഗവർണർ സിപി രാധാകൃഷ്ണനെ കാണും.
കൂടാതെ ശിവസേന അദ്ധ്യക്ഷൻ ഏക്‌നാഥ് ഷിൻഡെയും എൻ സി പി നേതാവ് അജിത് പവാറുമായും ഷിൻഡെ കൂടിക്കാഴ്ച നടത്തും. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ബിജെപിയുടെ 132 എംഎൽഎമാരുടെ പിന്തുണയില്ലാതെ താൻ ഇവിടെ ഉണ്ടാകില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ബിജെപിയുടെ 'ഡബിൾ എഞ്ചിൻ' സർക്കാർ മഹാരാഷ്ട്രയിൽ വികസനം കൊണ്ടുവരുമെന്നും ഫഡ്നാവിസ് പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ ഫഡ്‌നാവിസിന് മൂന്നാമൂഴമാണ്. 2014-2019 കാലത്ത് ബി.ജെ.പി-ശിവസേന സഖ്യത്തെ നയിച്ചു. 2019-ൽ അദ്ദേഹം അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും അഞ്ചു ദിവസം മാത്രമായിരുന്നു ആയുസ്.
മഹായുതിയിൽ 132 സീറ്റുള്ള ബി ജെ പിയാണ് ഏറ്റവും വലിയ കക്ഷി. അതിനാൽത്തന്നെ വൻ വിജയമൊരുക്കിയതിന്റെ ക്രെഡിറ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രി പദത്തിന് അർഹതയുണ്ടെന്ന് ബി ജെ പി നേരത്തെ നിലപാടെടുത്തിരുന്നു. ലഡ്‌കി ബഹിൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ നയങ്ങളാണ് വിജയമൊരുക്കിയതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഷിൻഡെ വിമുഖത കാണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |