
ബംഗളൂരു: മനുഷ്യത്വം മരവിക്കുന്ന സംഭവങ്ങത്തിനാണ് കഴിഞ്ഞ ദിവസം ബംഗളൂരു നഗരം സാക്ഷിയായത്. നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് 34 കാരനായ വെങ്കിടരമണൻ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എഴുന്നേൽക്കാനാകാതെ അദ്ദേഹം വഴിയിൽ കിടന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ അതുവഴി കടന്നുപോയവരോടെല്ലാം തൊഴുതപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് അദ്ദേഹം പിന്നീട് മരണപ്പെട്ടു.
'എന്റെ ഭർത്താവിനെ സഹായിക്കുന്ന കാര്യത്തിൽ മനുഷ്യത്വം പരാജയപ്പെട്ടു. എന്റെ ദേഹം മുഴുവൻ ചോരയായിരുന്നു. തൊഴുതു പറഞ്ഞിട്ടും ആരും സഹായിച്ചില്ല'- വെങ്കിട്ടരമണന്റെ ഭാര്യ പറയുന്നു. അദ്ദേഹത്തിന്റെ കണ്ണ് ദാനം ചെയ്യാനും അവർ അനുവാദം നൽകി.
ബാലാജി നഗർ സ്വദേശിയായ വെങ്കിടരമണൻ ഗാരേജ് മെക്കാനിക് ആയാണ് ജോലി ചെയ്‌തിരുന്നത്. ചൊവ്വാഴ്‌ച വൈകുന്നേരത്തോടുകൂടി അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഭാര്യയെയും കൂട്ടി ഇരുചക്രവാഹനത്തിൽ അദ്ദേഹം ആശുപത്രിയിലെത്തി. എന്നാൽ ആ സമയത്ത് ഡോക്‌ടർമാർ ആരും ഡ്യൂട്ടിയിൽ ഇല്ലാത്തതിരുന്നതിനാൽ അവിടെ നിന്നും അടുത്ത ആശുപത്രിയിലെത്തി. നെഞ്ചുവേദന സ്ട്രോക്കിന്റെ ലക്ഷണമാണെന്നും ഉടൻ കൂടുതൽ മെച്ചപ്പെട്ട ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. ആംബുലൻസ് സഹായം അഭ്യർത്ഥിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അവിടെ നിന്നും സ്വന്തം വാഹനത്തിൽ ആശുപത്രയിലേക്ക് പോകുന്ന വഴിയിലാണ് ദമ്പതികൾക്ക് അപകടം ഉണ്ടായത്. സഹായത്തിനായി പലരോടും അഭ്യർത്ഥിച്ചെങ്കിലും ഏറെ വൈകിയാണ് ഒരു കാബ് ഡ്രൈവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായത്. എന്നാൽ അവിടെ എത്തുന്നതിന് മുൻപ് തന്നെ വെങ്കിട്ടരമണൻ മരണപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |