
മുംബയ്: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവാദപ്രസ്‌താവനയിൽ മാപ്പ് പറയില്ലെന്നും തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനംതന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നായിരുന്നു ചവാന്റെ പരാമർശം.
'ഞാൻ മാപ്പ് പറയില്ല. തെറ്റായൊന്നും പറഞ്ഞിട്ടില്ല. അതിൽ മാപ്പ് പറയാനൊന്നുമില്ല. കൂടുതലൊന്നും എനിക്ക് പറയാനില്ല. മാപ്പ് പറയേണ്ട ആവശ്യമില്ല'-എന്നാണ് ചവാൻ വ്യക്തമാക്കിയത്. പൂനെയിലെ ഒരു ചടങ്ങിനിടെയായിരുന്നു ചവാൻ വിവാദ പരാമർശം നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിനം തന്നെ പാക് സൈന്യം ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടെന്നും തുടർന്ന് വ്യോമസേന സ്തംഭനാവസ്ഥയിലായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ചവാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി.
'സൈന്യത്തെ അപമാനിക്കുന്നത് കോൺഗ്രസിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇത് ചവാന്റെ പ്രസ്താവന മാത്രമല്ല. രാഹുൽ ഗാന്ധിയും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇതെല്ലാം രാഹുലിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് കോൺഗ്രസോ അദ്ദേഹമോ അത്തരം നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത്. ഈ പ്രസ്താവനകൾ അവരുടെ സൈനിക വിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്'-ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല വിമർശിച്ചു.
ഇതിനിടെ ചവാന്റെ പരാമർശത്തെ കോൺഗ്രസ് നേതാക്കൾ തള്ളുകയും ചെയ്തു. പരാമർശത്തിന്റെ ഉറവിടം പൃഥ്വിരാജിന് മാത്രമേ വെളിപ്പെടുത്താൻ സാധിക്കുകയുള്ളൂ. എന്നാൽ നമ്മൾ ഇന്ത്യൻ സേനയിൽ അഭിമാനം കൊള്ളുന്നു. ഭീകരതയ്ക്കും പാകിസ്ഥാനുമെതിരായ പോരാട്ടത്തിൽ കോൺഗ്രസ് എന്നും സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും ജാർഖണ്ഡ് ലോക്‌സഭാ എംപി സുഖ്‌ദിയോ ഭഗത് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |