
ന്യൂഡല്‍ഹി: ഇന്ത്യയിലെ പെട്രോള്‍ പമ്പുകളുടേയും ഗ്യാസ് സ്റ്റേഷനുകളുടേയും എണ്ണത്തില്‍ ഇരട്ടിയോട് അടുത്ത വര്‍ദ്ധനവ്. 2014ല്‍ നിന്ന് 2025ലേക്ക് എത്തിയപ്പോഴാണ് ഈ വളര്‍ച്ച കൈവരിച്ചതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. ഊര്‍ജ മേഖലയിലെ വൈവിധ്യവത്കരണം സംബന്ധിച്ച എംപിമാരുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിവിധതരം ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിലും ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള മാറ്റത്തിലും രാജ്യം മുന്നേറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തില്‍ ഊര്‍ജ മേഖല കൂടുതല്‍ കരുത്തുറ്റതായെന്ന് സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു.
എല്‍പിജി വിതരണക്കാരുടെ എണ്ണത്തില്‍ 127 ശതമാനം വര്‍ദ്ധനയുണ്ടായി. ഇന്ന് ഇന്ത്യയുടെ പ്രധാന ഭാഗങ്ങളിലെല്ലാം വീടുകളിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈനുകള്‍ എത്തിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റിഫൈനിങ് രാജ്യമായി ഇന്ത്യ മാറിയെന്നും മന്ത്രി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളുടെയും ഗ്യാസ് സ്റ്റേഷനുകളുടെയും എണ്ണം 2014 ല്‍ 51,870 ആയിരുന്നത് 2025 ആയപ്പോഴേക്കും ഒരു ലക്ഷത്തിലധികമായി വര്‍ദ്ധിച്ചു.
കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് എണ്ണ ലഭ്യമാക്കി രാജ്യം ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ 40 വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. കൂടാതെ 15 രാജ്യങ്ങളുമായി ദീര്‍ഘകാല വാതക കരാറുകളുമുണ്ട്. പുതിയ എണ്ണ, വാതക നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായി 10 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍ സ്ഥലം സര്‍ക്കാര്‍ തുറന്നുകൊടുത്തു. ഊര്‍ജ മാറ്റത്തിനായുള്ള തന്ത്രങ്ങളിലെ പുരോഗതിയെ സമിതി അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |