ന്യൂഡൽഹി: ദേശീയപാത വികസനത്തിനായി കേരളത്തിന് എത്ര ലക്ഷം കോടി രൂപ വേണമെങ്കിലും നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. എന്നാൽ ഒരു കണ്ടിഷൻ കേരളസർക്കാർ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിലായിരുന്നു ഗഡ്‌കരി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5000 കോടി രൂപ നൽകിയതായും കൂടുതൽ തുക നൽകാൻ നിർവാഹമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള പ്രതിവിധി നിർമാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നു വയ്‌ക്കുകയാണ്. ഒരു കിലോമീറ്റർ ദേശീയപാത പൂർത്തിയാക്കാൻ കേരളത്തിൽ 95 കോടി രൂപയാണ് ചെലവ്. 46 കോടിയാണ് നിർമ്മാണച്ചെലവ്. എന്നാൽ, 46 മുതൽ 50 കോടി വരെയാണ് ഒരു കിലോമീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് മാത്രം കേരളത്തിൽ ചെലവ്. നിർമാണ സാമഗ്രികളായ സ്റ്റീൽ, സിമന്റ് എന്നിവയുടെ 18 ശതമാനം ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ ഒമ്പതു ശതമാനവും മണലിന്റെയും മറ്റും റോയൽറ്റിയും സംസ്ഥാനം ഒഴിവാക്കണമെന്നാണ് ഗഡ്‌കരി മുന്നോട്ടു വയ‌്ക്കുന്ന നിർദേശം.
മൂലധന വിപണിയിൽനിന്നാണ് ഗതാഗത വകുപ്പ് പണം സ്വരൂപിക്കുന്നതെന്നും അതിനാൽ ഒരു ലക്ഷം കോടിയോ രണ്ടു ലക്ഷം കോടിയോ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവർഷം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയുമായും സംസ്ഥാന സർക്കാർ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥലമേറ്റെടുപ്പിന് 50 ശതമാനം തുക വഹിക്കാമെന്ന് വാഗ്ദാനം തന്നിരുന്നു. സംസ്ഥാന സർക്കാർ ആത്മാർഥമായി 5000 കോടി രൂപയും നിക്ഷേപിച്ചു. ഇപ്പോഴത്തെ പ്രശ്നം എറണാകുളം-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് തുക 3600 കോടിയാണെന്നതാണ്. ഇതോടെ, മുഖ്യമന്ത്രി ഖേദപ്രകടനത്തോടെ അത്രയും പണം നൽകാനാവാത്ത സാഹചര്യമില്ലെന്നറിയിച്ചു. എല്ലാ വിഷയങ്ങളും പരിഗണിച്ചാണ്, സ്ഥലത്തിന് പണം നൽകേണ്ടെന്നും ദേശീയപാതയുടെ നിർമാണത്തിനാവശ്യമായ സ്റ്റീലിന്റെയും സിമന്റിന്റെയും ജി.എസ്.ടി. സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കാണിക്കാമെന്നും അറിയിച്ചത്.
എന്നാൽ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് സ്ഥലമേറ്റെടുപ്പിനുള്ള വായ്പാതുക ഒഴിവാക്കുമെന്ന് ഉറപ്പ് നൽകിയാൽ കേരളം സ്ഥലമേറ്റെടുപ്പിന് പണം നൽകാൻ തയ്യാറാണെന്നും ഈ വിഷയം സംസ്ഥാന സർക്കാരിനു മുന്നിൽ വെച്ച് മന്ത്രിയോട് പൂർണമായി സഹകരിക്കുമെന്നും സി.പി.എം. സഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ജി.എസ്.ടി. ഒഴിവാക്കുന്നത് നഷ്ടമാണെന്നും എന്നാൽ കടമെടുപ്പ് പരിധിയിൽ ഈ തുക ഉൾപ്പെടുത്താതിരുന്നാൽ വായ്പ സ്വീകരിച്ച് പണം നൽകാൻ പ്രയാസമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |