പാരീസ്: അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു. അധികാരത്തിലേറി വെറും മൂന്നുമാസത്തിന് ശേഷം പ്രധാനമന്ത്രി മിഷേൽ ബാർണിയക്ക് ഭരണം നഷ്ടമായി. ബുധനാഴ്ചയാണ് സഭയിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നത്. സെപ്തംബറിൽ അഞ്ചിനായിരുന്നു ബാർണിയ രാജ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത്. തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള ബാർണിയയുടെ നീക്കമാണ് നിലവിൽ അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്.
ബാർണിയയ്ക്ക് എതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തീവ്ര വലതുപക്ഷവും ഇടതുപക്ഷവും ഒരു പോലെ കെെകോർത്തു. ഇടത് പക്ഷമാണ് പ്രമേയം അവതരിപ്പിച്ചത്. 331 എംപിമാർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ആകെ 288 വോട്ടുകൾ മാത്രമായിരുന്നു പ്രമേയം പാസാവാൻ വേണ്ടിയിരുന്നത്. ഇതോടെ വ്യക്തമായ ഭൂരിപക്ഷം ഉറപ്പായി. വ്യാഴാഴ്ച വെെകുന്നേരം മിഷേൽ ബാർണിയ രാജിവയ്ക്കുമെന്നാണ് വിവരം. ശേഷം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിർണായകമാണ്.
ബാർണിയ രാജിവയ്ക്കുന്നതോടെ മന്ത്രി സഭ പിരിച്ചുവിടും. ഇതോടെ രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന ഫ്രാൻസ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ ഒരു പാർട്ടിക്കും പാർലമെന്റിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 1962ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിൽ ഒരു സർക്കാർ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |