ചില കമ്മ്യൂണിസ്റ്റ്
കാമനകൾ
(കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)
കൊളോൺ നഗരത്തിൽ, പത്രത്തിന്റെ ഓഫീസ് മുറിയിൽ എഡിറ്ററുടെ പരിശ്രമഭാരം തെല്ലൊന്ന് ഒതുങ്ങുമ്പോൾ പുലരാറായിരുന്നു. മേശവലിപ്പു തുറന്ന്, മേൽവിലാസങ്ങൾ അടുക്കുംചിട്ടയുമില്ലാതെ കുറിച്ചിട്ടിരുന്ന തടിച്ച ഡയറിയിൽ കാറൽ മാർക്സ് സുഹൃത്തിന്റെ പുതിയ തപാൽ വിലാസം തപ്പിക്കൊണ്ടിരുന്നു. പല പേജുകളിലായി ഫ്രെഡറിക് ഏംഗൽസ് എന്ന പേരിനു കീഴെ, ഓരോരോ തെരുവിന്റെ ഉദാര സ്വകാര്യങ്ങളിലൊളിച്ച്, പുതിയ പുതിയ വീടുകൾ. ചുവപ്പു മഷിയുടെ നീരസ മുന അമർത്തിവരച്ച് ഓരോന്നിലെയും താമസമൊഴിപ്പിച്ച്, തിരച്ചുരുൾ പോലെ ചുരുണ്ടുപോയൊരു താളിൽ നിന്ന് മാർക്സ് ആ പുതിയ വിലാസം തപ്പിയെടുത്തു: മോർണിംഗ്ടൺ സ്ട്രീറ്റ്, ആർഡ്വിക് ഡിസ്ട്രിക്റ്റ്, മാഞ്ചസ്റ്റർ...
മേരി ബേൺസിനൊപ്പം മാഞ്ചസ്റ്ററിൽ ചെലവിട്ട കാലമത്രയും ഏംഗൽസ് ഒരു ഇരട്ടമനുഷ്യന്റെ രഹസ്യരൂപം സമർത്ഥമായി കാത്തു. പ്രഷ്യയിൽ നിന്ന് തിരഞ്ഞെത്താനിടയുള്ള ചാരപ്പൊലീസിനെ പേടിച്ചു മാത്രമല്ല, അച്ഛന്റെ ബൂർഷ്വാ കണ്ണുകളിൽ നിന്ന് സ്വയം ഒളിച്ചുപിടിച്ചും! പുതിയ പേരുകൾ. പുതിയ വീടുകൾ. മാറുന്ന മേൽവിലാസങ്ങൾ. ഇനി പിരിയേണ്ടതില്ലെന്നു തീരുമാനിച്ചു തുടങ്ങിയ നാളുകളിൽ, മാഞ്ചസ്റ്റർ നഗരമെന്ന ദുരിത ഭൂപടത്തിന്റെ ആഴരാത്രികളിലേക്ക് പ്രിയന്റെ കൈപിടിച്ച് അവളിറങ്ങി: 'അങ്ങ് കണ്ടിട്ടില്ലാത്തൊരു ലോകമാണിത്. ഗന്ധങ്ങളെയെല്ലാം അടച്ചുപിടിച്ച്, കാഴ്ച മാത്രം തുറന്നുവയ്ക്കുക...."
ഇടുങ്ങിയ ചേരികൾ. മറയില്ലാത്ത കുളിസ്ഥലങ്ങൾ. കതകില്ലാത്ത പൊതു കക്കൂസുകൾ. പൊട്ടിയൊഴുകുന്ന ഓടകൾ. ഇരുട്ടും വിസർജ്ജ്യവും കുഴഞ്ഞ് കാലിൽ പശപ്പ് പുരട്ടുന്ന ഇടവഴികൾ. പാതിയുറക്കത്തിൽ നിന്ന് അമർച്ചയോടെ ചാടിയെഴുന്നേൽക്കുന്ന പന്നിക്കൂട്ടങ്ങൾ...! അടച്ചുപിടിച്ചിട്ടും ശ്വാസഗ്രന്ഥികളുടെ വാതായനം വെട്ടിപ്പൊളിച്ചു കയറിയ ദുർഗന്ധം, അത്താഴത്തിന് മേരി ബേൺസ് അന്നു വിളമ്പിയ അപ്പവും ഐറിഷ് സ്റ്റ്യൂവും മുഴുവൻ ഏംഗൽസിന്റെ ആമാശയത്തിൽ നിന്ന് ഛർദ്ദിയായി പുറത്തേക്ക് കുടഞ്ഞെറിഞ്ഞു. ഏംഗൽസിന്റെ മുതുകിൽ തലോടി മേരി ബേൺസ് അനുഭവങ്ങളുടെ ഒന്നാം പാഠം തുറന്നു: 'സഖാവേ, അടിസ്ഥാനവർഗം പാർക്കുന്ന നരകത്തിലേക്കുള്ള വാതിൽ ഇതാ, ഇവിടെയാണ്."
കാറൽ മാർക്സുമായി ചേർന്ന്, വർഗസമരങ്ങളുടെ അസ്തിവാരം തേടിപ്പോയ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്രോ" പ്രസിദ്ധീകരിക്കുന്നതിനും (1848) മൂന്നുവർഷം മുമ്പ് ഫ്രെഡറിക് ഏംഗൽസിന്റെ ആദ്യ പുസ്തകം പുറത്തെത്തി: 'ദ കണ്ടിഷൻ ഒഫ് ദ വർക്കിംഗ് ക്ളാസ് ഇൻ ഇംഗ്ളണ്ട്" (1845). അതിലേക്കു നീണ്ട ഗവേഷണ പഠനങ്ങളായിരുന്നു മാഞ്ചസ്റ്ററിൽ മേരി ബേൺസിനൊപ്പം ഏംഗൽസ് നടത്തിയ ആ നിരന്തര നിശാനടപ്പുകൾ. വിവാഹമെന്ന സ്ഥാപനവത്കരിക്കപ്പെട്ട ബൂർഷ്വാ സങ്കല്പത്തിന്റെ മുഖത്തേക്ക് വെറുപ്പോടെ ക്ഷോഭക്കറ തുപ്പിയവളായിരുന്നിട്ടും ഒരിക്കൽ; ഒരിക്കൽ മാത്രം മേരി ബേൺസ് ചോദിച്ചു: 'പ്രിയനേ, മരണംവരെ ഒരാളുടേതു മാത്രമായിരിക്കുക എന്നത്, സ്വകാര്യസ്വത്ത് എന്ന അപകടത്തിന്റെ അതിരിൽ നിന്ന് എത്ര കാതം ഇപ്പുറത്തായിരിക്കും?"
പ്രണയത്താലും മരണത്താലും വിശുദ്ധയാക്കപ്പെട്ട മേരി ബേൺസിനു വായിക്കാൻ ഏംഗൽസ് മറുപടിയെഴുതിയത് അവളുടെ മരണശേഷം, പിന്നെയും ഇരുപത്തിയൊന്നു വർഷങ്ങൾ കഴിഞ്ഞാണ്. 1884-ൽ,
'ഒറിജിൻസ് ഒഫ് ഫാമിലി, പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് ദ സ്റ്റേറ്റി"ൽ ഏംഗൽസ് ഒരു കൈയറപ്പുമില്ലാതെ എഴുതി: 'ഭരണവർഗ സംവിധാനവുമായി പിണഞ്ഞുകിടക്കുന്നതാണ് വിവാഹം, കുടുംബം എന്നൊക്കെയുള്ള സങ്കല്പം! സമ്പത്തിന്റെ കേന്ദ്രീകരണം വിവാഹത്തിലേക്കും, ബന്ധങ്ങളിൽ ഏകപങ്കാളിയെന്ന കുരുക്കിലേക്കും, ആത്യന്തികമായി, പുരുഷവർഗത്തിനു മുന്നിൽ സ്ത്രീശരീരങ്ങളുടെ ലജ്ജാകരമായ സമർപ്പണത്തിലേക്കും അത് കൊണ്ടുചെന്നെത്തിക്കും!"
ഏംഗൽസിന് അത് ധൈര്യപൂർവം എഴുതാം! കാരണം, അയാളുമൊത്ത് ഇരുപത്തിയൊന്നു വർഷത്തെ കൂട്ടിനു ശേഷമുള്ള മേരി ബേൺസിന്റെ മരണം പിന്നിട്ട്; അവളുടെ സഹോദരി ലിസി ബേൺസുമൊത്ത് പതിനഞ്ചു വർഷം നീണ്ട പ്രണയബന്ധവും പിന്നിട്ട്, പിന്നെയും ആറുവർഷം കഴിഞ്ഞായിരുന്നു,
'ഒറിജിൻ ഒഫ് ഫാമിലി ആൻഡ് പ്രോപ്പർട്ടി"യുടെ പ്രസിദ്ധീകരണം! പക്ഷേ, മേരിയെപ്പോലെയായിരുന്നില്ല, അനുജത്തി ലിസി. 1878 സെപ്തംബർ ആദ്യം, തുടരെയുണ്ടായ രോഗങ്ങൾക്കു പിന്നാലെ കണ്ടെത്തിയ ഒരു ട്യൂമറോടെ, മിക്കവാറും ഉരുകിത്തീർന്ന്, കെട്ടുപോകുംമുമ്പ് ഇടറിക്കത്തുന്ന ജീവന്റെ പിടച്ചിലിൽ ലിസി ബേൺസ് ഏംഗൽസിനോട് ഒന്നു മാത്രം പറഞ്ഞു:
'കർത്താവിന്റെ പേരിൽ, എന്റെ അവസാനത്തെ ആഗ്രഹമാണ്; മരണശേഷം, ഏംഗൽസിന്റെ വെപ്പാട്ടികളിൽ ഒരുവളെന്ന് അറിയപ്പെടാൻ ഇഷ്ടമില്ലാത്തതുകൊണ്ട്! അങ്ങ്, എന്നെ ഈ നിമിഷം വിവാഹം കഴിക്കണം. ചേച്ചി എന്നോട് പൊറുത്തുതരട്ടെ..." കിടക്കയിൽ, ഒന്ന് എഴുന്നേറ്റിരിക്കാൻ ശ്രമിച്ച്, പാതിവരെയെത്തിയ മെലിഞ്ഞ ശരീരം അതിന്റെ എല്ലാ വെമ്പലുകളും ചോർന്ന്, ഒരു പഴുത്തില പോലെ കിടക്കയിലേക്കു തന്നെ വീണു. ഏംഗൽസ് അഭിഭാഷകനെ വിളിച്ച്, വിവാഹപത്രം തയ്യാറാക്കിച്ചു. കൈമാറാൻ വിലപ്പെട്ടതൊന്നും അപ്പോൾ അടുത്തില്ലാതിരുന്നതുകൊണ്ട്, മേരി ബാക്കിവച്ചു പോയ വേദപുസ്തകമെടുത്ത് ഏംഗൽസ് അവളുടെ നെഞ്ചിൽ വച്ചു.
'എനിക്കായി പ്രാർത്ഥിച്ച്, ഒന്ന് തുറന്നു വായിക്കൂ..." ഏംഗൽസ് വായിച്ചു തുടങ്ങി:
'നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്, നിന്റെ വലംകൈ കൊണ്ടു രക്ഷിച്ച് ഉത്തരമരുളേണമേ...." (സങ്കീർത്തനങ്ങൾ, 108; ആറാം വാക്യം)
ആ മെഴുകുതിരി കെട്ടു. ദിവസങ്ങൾ കഴിഞ്ഞ് ഏംഗൽസ് ഡയറിയിൽ എഴുതി: 'എന്റെ ഭാര്യ ലിഡിയ ബേൺസ് എന്ന ലിസി, അവൾ ജനിച്ച ഐറിഷ് തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ പുത്രിയായിരുന്നു. അദ്ധ്വാന വർഗത്തിന്റെ മോചനത്തെക്കുറിച്ചുള്ള അവളുടെ പ്രതീക്ഷകളും അതിനായുള്ള ശ്രമങ്ങളും എനിക്ക് അവളെ കൂടുതൽ വിലപ്പെട്ടവളാക്കുന്നു. വിദ്യാസമ്പന്നരും കുലീനകളും പതിവ്രതാ നടിപ്പുകാരുമായ മദ്ധ്യവർഗ പെണ്ണുങ്ങളേക്കാൾ, എന്റെ പിരിമുറുക്കങ്ങളിൽ അവളെനിക്ക് തുണനിന്നു!" ലിസി ബേൺസിന്റെ പ്രാർത്ഥന ദൈവവും, മരണാഭ്യാർത്ഥന ഏംഗൽസും കേട്ടു! ലണ്ടനിൽ, കെൻസിംഗ്ടണിലെ കെൻസൽ ഗ്രീനിൽ, സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ ആ ശവകുടീരത്തിനു മീതെ ഏംഗൽസ് ഈ അക്ഷരങ്ങൾ കൊത്തിവയ്പിച്ചു- 'ലിഡിയ, വൈഫ് ഒഫ് ഫ്രെഡറിക് ഏംഗൽസ്."
1883-ൽ കാറൽ മാർക്സ് കൂടി മരിച്ചതോടെ, ഏംഗൽസ് വായനയിലും എഴുത്തിലുമായി ഒതുങ്ങി. സുഹൃത്തിനായി മാർക്സ് ബാക്കിവച്ചു മടങ്ങിയത്, 'ദസ് ക്യാപിറ്രലി"ന്റെ (മൂലധനം) ഒന്നാം ഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനു (1867) ശേഷമെഴുതിയ കയ്യെഴുത്തു പ്രതികളും, പത്രമോഫീസിലെ മേശവലിപ്പിൽ നിന്ന് ഏംഗൽസ് കണ്ടെടുത്ത ഡയറിക്കുറിപ്പുകളുമായിരുന്നു. 'മൂലധന"ത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ ഉള്ളടക്കം ഈ കുറിപ്പുകളിൽ നിന്ന് ഏംഗൽസ് പകർത്തിയെഴുതിയതാണ് 1894-ൽ മൂന്നാം ഭാഗം തയ്യാറാകുമ്പോഴേക്കും ഏംഗൽസിന്റെ മരണവിധി നിശ്ചയിക്കപ്പെട്ടിരുന്നു: തൊണ്ടയിൽ അർബുദം!
ലണ്ടനിൽ, 1895 ഓഗസ്റ്റ് അഞ്ചിന് മരണം. ഏംഗൽസ് എഴുതിവച്ചിരുന്നു: 'എന്റെ ചിതാഭസ്മം ഈസ്റ്റ്ബോണിൽ, കടൽത്തീരത്തെ ചുണ്ണാമ്പു കുന്നുകളിൽ അലിഞ്ഞുചേരണം." ഇംഗ്ളീഷ് ചാനലിനു മീതെ പതിവില്ലാതെ മഴ പെയ്തു തുടങ്ങി. അറ്റ്ലാന്റിക്കിന്റെ ആ കൈവഴിയിൽ, തിരകളിൽ ഉരുവംകൊണ്ടൊരു ചെറുകാറ്റ് ഈസ്റ്റ്ബോണിലേക്കു വീശി. ചുണ്ണാമ്പു കുന്നുകളുടെ മാറിൽ വീണ്, താഴെ തീരത്തേക്കു ചിതറിയ കാറ്റിനു പക്ഷേ, മേരി ബേൺസിന്റെ മണമായിരുന്നു.
(ലേഖകന്റെ മൊബൈൽ: 99461 08237)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |