ന്യൂഡൽഹി: മുത്തലാഖ് ഇത്രയും കാലം നിരോധിക്കപ്പെടാതിരുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന്റെ നേട്ടം ഹിന്ദുക്കൾക്കോ ക്രിസ്ത്യാനികൾക്കോ ജൈനർക്കോ അല്ല, മുസ്‌ലിം സമുദായത്തിനു മാത്രമാണ്. മുത്തലാഖ് തെറ്റായ കാര്യമാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഈ ദുരാചാരം ഇത്രയും വർഷം അനുവദിക്കപ്പെട്ടത് രാഷ്ട്രീയ പ്രീണനനയത്തിന്റെ ഭാഗമായാണ്. കോൺഗ്രസ് തുടങ്ങിവച്ചത് മറ്റു പാർട്ടികളും പിന്തുടരുന്നു. ചിലർ ബില്ലിനെ പാർലമെന്റിൽ എതിർത്തെങ്കിലും ഈ ദുരാചാരം അവസാനിപ്പിക്കേണ്ടതാണെന്ന നിലപാട് അവരുടെ ഉള്ളിന്റെയുഉള്ളിലുണ്ട്. പക്ഷേ, അവർക്ക് ധൈര്യമില്ലായിരുന്നു. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
മുസ്‌ലിം വ്യക്തി നിയമത്തിൽ ഇടപെടുന്നുവെന്നാണ് ആരോപണം. എന്നാൽ മുത്തലാഖിന് വിശുദ്ധ ഖുറാന്റെ പിൻബലമില്ല. 19-ഓളം രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്.1965-ൽത്തന്നെ പലരാജ്യങ്ങളും ഇതു ചെയ്തു. നമ്മൾ ഈ വർഷമാണ് നിരോധനം കൊണ്ടുവന്നത്. 400 സീറ്റ് നേടി അധികാരത്തിൽ വന്ന രാജീവ് ഗാന്ധിയാണ് 1985- ലെ സുപ്രീംകോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവന്നത്. ഇപ്പോഴും കോൺഗ്രസ് ലജ്ജയില്ലാതെ മുത്തലാഖ് നിരോധനത്തെ എതിർക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |