ന്യൂഡൽഹി: കാമുകിയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിനെത്തുടർന്ന് 22കാരൻ അമ്മയെ കൊലപ്പെടുത്തി.
പടിഞ്ഞാറൻ ഡൽഹിയിലെ ഖയാലയിലുള്ള സുലോചനയെയാണ് ഇളയമകൻ സാവൻ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സാവനെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പ്രതി തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിച്ചത്. അമ്മയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയെന്നും കമ്മലുകൾ കാണാനില്ലെന്നും അറിയിച്ചു. എന്നാൽ, പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ കവർച്ചയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ല. മാത്രമല്ല, സുലോചനയുടെ കമ്മലുകൾ മാത്രമാണ് നഷ്ടമായിരിക്കുന്നതെന്നും വിലപ്പിടിപ്പുള്ള മറ്റുവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും വ്യക്തമായി. ഇതോടെ സാവനെ ചോദ്യംചെയ്യുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചാൽ സ്വത്ത് നൽകില്ലെന്ന് സുലോചന പറഞ്ഞിരുന്നു. സാവനിന്റെ മൂത്തസഹോദരൻ കപിലിന്റെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ്
ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും തന്റെ വിവാഹം നടത്തണമെന്നും സാവൻ ആവശ്യപ്പെട്ടത്. എന്നാൽ, സുലോചന സമ്മതിച്ചില്ല. ഇക്കാര്യം സംസാരിച്ചാൽ സ്വത്തിന്റെ വീതം തരില്ലെന്നും പറഞ്ഞു. തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഡ്രൈവറായ സാവൻ വരുമാനമെല്ലാം അമ്മയെ ഏൽപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |