തൃശൂർ: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വൈദ്യുതി നിരക്കു വർദ്ധനയിൽ നിന്ന് കെ.എസ്.ഇ.ബി പിന്മാറണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നേരത്തെ കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുന്നത് എ.ഐ.ടി.യു.സി എതിർത്തിരുന്നു. ഓരോ കാലഘട്ടത്തിലുമെടുക്കുന്ന തെറ്റായ നയങ്ങളെ എതിർക്കും. ഇല്ലെങ്കിൽ നാളെ ഇത്തരം ജനദ്രോഹ നടപടികൾ ആവർത്തിക്കപ്പെടും. സ്വകാര്യമേഖലയുടെ കടന്നുകയറ്റം അനുവദിക്കില്ല.
സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സുരക്ഷയും ഉറപ്പ് വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി ഈ മാസം 10 മുതൽ 17 വരെ മേഖലാതല ജാഥകൾ നടത്തും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജാഥയ്ക്ക് ടി.ജെ.ആഞ്ചലോസും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജാഥയ്ക്ക് കെ.പി.രാജേന്ദ്രനും നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |