കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പൊതു മദ്ധ്യത്തിൽ അധിക്ഷേപിച്ചതാണ് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ്. ഇത് അന്വേഷണത്തിന്റെ പ്രഥമദൃഷ്ട്യാ വെളിപ്പെട്ടതാണ്. മേലധികാരിക്കും സഹപ്രവർത്തകർക്കും മുന്നിൽ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ചു. രണ്ടു ദിവസത്തിനകം പലതും പുറത്തുവിടുമെന്നും ദിവ്യ ഭീഷണിപ്പെടുത്തി. ഇതോടെയാണ് നവീൻ ആത്മഹത്യയ്ക്ക് നിർബന്ധിതനായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ കടന്നുകയറുകയായിരുന്നു. എ.ഡി.എമ്മിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ റെക്കാഡ് ചെയ്യിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇഥോടെ പൊതുജനങ്ങൾക്കിടയിലും അപമാനിതനായ നവീൻ മാനസിക സമ്മർദ്ദത്തിലായി. ദിവ്യയ്ക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയാണ് അന്വേഷിക്കുന്നത്. അവരുടെ രണ്ടു ഫോണുകളുടേയും കാൾ ഡാറ്റയും ശേഖരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്തും പരിശോധിച്ചു. പ്രതി ഇപ്പോൾ പാർട്ടിയിലോ ജില്ലാ പഞ്ചായത്തിലോ ഉന്നതപദവി വഹിക്കുന്നില്ല. അന്വേഷണം നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.
പൊലീസ് ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്റെ ശക്തമായ വാദവും പരിഗണിച്ചാണ് ഒക്ടോബർ 29ന് തലശ്ശേരി കോടതി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. അന്നു തന്നെ പ്രതി കണ്ണപുരം സ്റ്റേഷനിൽ കീഴടങ്ങിയെന്നും പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. നവീന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് വിശദീകരണം. എന്നാൽ ദിവ്യയുടെ അറസ്റ്റ് വൈകിയതിന് പൊലീസ് ന്യായീകരണം നൽകിയിട്ടില്ല. കേസ് ഹൈക്കോടതി 12ന് വീണ്ടും പരിഗണിക്കും. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ ഭാഗികമായി പറയുമ്പോഴും സി.പി.എം ഇടപെടലുകളെ വെള്ളപൂശുന്നതാണ് പൊലീസ് റിപ്പോർട്ടെന്ന വിമർശനമുണ്ട്.
പൊലീസ് സത്യവാങ്മൂലം പൂർണമായും
ശരിയല്ലെന്ന് നവീൻ ബാബുവിന്റെ ബന്ധു
പത്തനംതിട്ട : നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ പരാമർശം പൂർണമായി അംഗീകരിക്കാനാവില്ലെന്ന് ബന്ധു അഡ്വ.അനിൽ പി.നായർ. ഇൻക്വസ്റ്റിന് ബന്ധുക്കളുടെ അനുമതി ആവശ്യമില്ലെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു അനുമതി നൽകിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനുശേഷമാണ് കുടുംബം അറിഞ്ഞതെന്ന് അഡ്വ. അനിൽ പി. നായർ പറഞ്ഞു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം ചെയ്യരുതെന്നും കോഴിക്കോട്ടേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. കൊലപാതകമാണോയെന്ന് അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആശങ്കയാണ് അറിയിച്ചതെന്നും അനിൽ പി. നായർ പറഞ്ഞു. തൂങ്ങിമരണമാണെന്നും സംശയകരമായ മുറിവുകളോ പാടുകളോ ശരീരത്തിലില്ലെന്നും രാഷ്ട്രീയ ഇടപെടലുകളില്ലാതെ എല്ലാവശവും പരിശോധിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. അതേസമയം ആന്തരിക അവയവങ്ങൾ ശേഖരിച്ചിട്ടില്ലെന്നും അപായപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സത്യവാങ്മൂലത്തിൽ പൊലീസ് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങൾക്കും മറുപടിയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തിയിട്ടില്ല. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |