തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ചത് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ കണ്ടെത്തലും മൊഴികളിലെ വൈരുദ്ധ്യവും.
ഇന്ദുജയുടെ ശരീരത്തിലെ മുറിവുകളാണ് അന്വേഷണത്തിൽ ആദ്യം വഴിത്തിരിവായത്.
പിന്നാലെ ഭർത്താവ് അഭിജിത്തിനെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് അഭിജിത്ത് അജാസിന്റെ പേര് വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾക്കെതിരെ പൊലീസിന് തെളിവുകൾ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഇന്ദുജയുടെ ഫോൺ പരിശോധിക്കുന്നത്. ഇതിൽ അവസാനം വന്ന കാൾ അജാസിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ഒരു ഫോൺകാൾ വന്നയുടനെ ഇന്ദുജ മുറിയിൽ കയറി കതകടച്ചെന്നാണ് അഭിജിത്തിന്റെ വീട്ടുകാർ മൊഴി നൽകിയത്.
ഇതനുസരിച്ച് അജാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഇന്നലെ ഇന്ദുജയുടെ വീട് സന്ദർശിച്ചു.
ആദ്യം കുറ്റം നിഷേധിച്ചു,
പിന്നാലെ സമ്മതിച്ചു
ആദ്യ ഘട്ടത്തിലെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നില്ല. തുടർന്ന് തെളിവുകൾ പൊലീസ് നിരത്തി. താനല്ല, അഭിജിത്താണ് മർദ്ദിച്ചതെന്ന് അജാസ് പറഞ്ഞു. രണ്ടുപേരെയും മണിക്കൂറുകൾ മാറി മാറി ചോദ്യം ചെയ്‌തപ്പോൾ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്നുള്ള വിശദമായി ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ഫോൺ രേഖകളെല്ലാം മായ്ച്ചു
ഇന്ദുജയുടെ മരണമറിഞ്ഞ പ്രതികൾ തങ്ങളുടെ ഫോണിലുള്ള എല്ലാ വിവരങ്ങളും മായ്ച്ചുകളഞ്ഞെന്ന് പൊലീസ്. അജാസിന്റെ ഫോണിൽ നിന്ന് ഇന്ദുജയെ വിളിച്ച രേഖകളൊന്നുമില്ല. അജാസും അഭിജിത്തും വാട്സാപ്പ് രേഖകളും മായ്ച്ചു. രണ്ടുപേരുടെയും ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ചാറ്റുകളും ഫോൺ സംഭാഷണങ്ങളും കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയോ എന്നും സംശയമുണ്ട്. ഇന്ദുജയ്‌ക്ക് മർദ്ദനമേറ്റ ശംഖുംമുഖത്ത് ഇവരെത്തിയോ എന്ന് തെളിയിക്കാനുള്ള ടവർ ലൊക്കേഷനും അജാസ് കാറിൽ പോയെന്ന് പറയുന്ന ദിവസത്തെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അഭിജിത്തിനെതിരെ ഇന്ദുജയുടെ കുടുംബം
അഭിജിത്ത് കൊലപ്പെടുത്തിയെന്നാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. കല്യാണത്തിന് ശേഷം മകളുമായി സംസാരിക്കാൻ പോലും അഭിജിത്ത് സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണിൽ സംസാരിക്കുമായിരുന്നുവെന്നാണ് അഭിജിത്തിന്റെ വീട്ടുകാർ പറയുന്നത്. അടുത്തിടെ ഇന്ദുജ വീട്ടിൽ പോയിരുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |