അബുദാബി: പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന യുഎഇയിലെ നഗരങ്ങളിലൊന്നാണ് ദുബായ്. മലയാളികളടക്കം പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളായിരിക്കും ഇവിടെ ഉപജീവനമാർഗം കണ്ടെത്തുന്നത്. ആയിരക്കണക്കിന് പേർ നിലവിൽ തൊഴിൽതേടി ദുബായിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലും ആയിരിക്കും. ഇപ്പോഴിതാ പ്രവാസികൾക്കും പ്രവാസജീവിതം ആരംഭിക്കാനിരിക്കുന്നവർക്കും വൻ തിരിച്ചടി നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ദുബായിലെ വാടക നിരക്കിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം വാടക നിരക്കിൽ പത്ത് ശതമാനം വർദ്ധനവാണ് ചൂണ്ടിക്കാട്ടുന്നത്. എമിറേറ്റിലേയ്ക്കുള്ള പുതിയ താമസക്കാരുടെ കുത്തൊഴുക്കാണ് വില വർദ്ധനവിന് കാരണം. സമ്പന്നരിൽ നിന്നുള്ള ഡിമാൻഡുകൾ കാരണം ആഡംബര പ്രദേശങ്ങളെയായിരിക്കും വില വർദ്ധവ് കൂടുതൽ ബാധിക്കുകയെന്നാണ് വിലയിരുത്തൽ. മാത്രമല്ല പ്രധാന നഗരങ്ങളിലെ ഉയർന്ന ഡിമാൻഡ് കാരണം കൂടുതൽപ്പേരും എമിറേറ്റിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് താമസം മാറാനുള്ള പ്രവണതയുള്ളതിനാൽ ഈ മേഖലകളിലും വില ഉയരുമെന്ന് റിപ്പോർട്ടുണ്ട്.
ദുബായിലെ ജനസംഖ്യാ വർദ്ധനവാണ് വാടക നിരക്ക് ഉയരുന്നതിലെ പ്രധാന കാരണം. ദുബായ് സ്റ്റാറ്റിസ്‌റ്റിക്‌സ് സെന്ററിന്റെ ഈ മാസത്തെ കണക്കുകൾ പ്രകാരം 3.814 ദശലക്ഷം ആണ് ദുബായിലെ ജനസംഖ്യ. കഴിഞ്ഞവർഷമിത് 159,522 ആയിരുന്നു.
ഈ ആഴ്‌ചയിൽ തന്നെ ഒരു പെന്റ്‌ഹൗസ് അപ്പാർട്ട്‌മെന്റിന് ചുമത്തിയ വാടകനിരക്ക് 4.4 മില്യൺ ദിർഹമാണ്. ഒരു വില്ല വാടകയ്ക്ക് നൽകിയത് 15.5 മില്യൺ ദിർഹമിനും. 2025ൽ വില്ലകളെക്കാളും അപ്പാർട്ട്‌മെന്റുകൾക്കായിരിക്കും വാടക നിരക്ക് വർദ്ധിക്കുകയെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ദുബായിലെ ആഡംബര മേഖലകളായ ജുമൈറ ദ്വീപുകൾ, അൽ ബരാരി, ദുബായ് മറീന, പാം ജുമൈറ, ഡൗൺടൗൺ ദുബായ് തുടങ്ങിയ മേഖലകളിലായിരിക്കും വാടക നിരക്ക് വർദ്ധനവ് കൂടുതലും സ്വാധീനിക്കുകയെന്നും റിയൽ എസ്റ്റേറ്റ് പ്രമുഖർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |