മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ലോകത്തിലെ തന്നെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച മുകേഷ് അംബാനി താമസിക്കുന്നത് മുംബയിലെ ആന്റിലിയ എന്ന 27 നിലകളുളള ആഡംബര ഭവനത്തിലാണ്. ഭക്ഷണകാര്യത്തിലും പിടിവാശിയുളള വ്യവസായിയാണ് അദ്ദേഹം. കൂടുതലും നാടൻ ശൈലിയിലുളള ഭക്ഷണമാണ് മുകേഷ് അംബാനി കഴിക്കാറുളളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭക്ഷണ വിശേഷങ്ങളാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും സസ്യാഹാരങ്ങളാണ് കഴിക്കുന്നത്. ചെറുപ്പക്കാലം മുതൽക്കേ കൂടുതലും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കാനായി തിരഞ്ഞെടുക്കാറുളളത്. ഗുജറാത്തി ശൈലിയിലുളള ഡാൽ കലർന്ന വിഭവങ്ങളാണ് എല്ലാ ദിവസവും മുകേഷ് അംബാനി കഴിക്കുന്നത്. ആരോഗ്യകരവും സംസ്‌കാരത്തിന് ചേരുന്നതുമായ വിഭവങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വാദം. പല അഭിമുഖങ്ങളിലും അദ്ദേഹം ഭക്ഷണകാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.
സ്വാതി സ്നാക്സ്
വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്ന മുകേഷ് അംബാനിയും കുടുംബവും എല്ലാ ആഴ്ചകളിലും ഭക്ഷണം കഴിക്കാനായി മുംബയിൽ പ്രവർത്തിക്കുന്ന സ്വാതി സ്നാക്സ് എന്ന ഭക്ഷണശാലയിൽ പോകാറുണ്ട്. ഈ ഭക്ഷണശാലയുടെ പ്രത്യേകതകളും പുറത്തുവരുന്നുണ്ട്. സ്വാതി സ്നാക്സിൽ കൂടുതലും ഗുജറാത്തി ശൈലിയിലുളള ഭക്ഷങ്ങളാണ് ലഭിക്കുന്നത്. വഴിയോര കടകളിൽ സുലഭമായി ലഭിക്കുന്ന സേവ് പൂരി, പാനിപൂരി, ദാഹി ബറ്റാറ്റ പൂരി എന്നിവ മുകേഷ് അംബാനിയുടെ പ്രിയവിഭവങ്ങളാണ്. അരിപ്പൊടി വാഴയിലയിൽ പുഴുങ്ങി പാകം ചെയ്തെടുക്കുന്ന ഭക്ഷണമായ പങ്കിയും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. 230 രൂപയാണ് ഇതിന്റെ വില.
1963ലാണ് 110 ചതുരശ്രയടി വിസ്തീർണമുളള സ്വാതി സ്നാക്സിന്റെ പ്രവർത്തനം ആരംഭിച്ചത്. മീനാക്ഷി ഛവേരി എന്ന സ്ത്രീയാണ് സ്വാതി സ്നാക്സ് ആരംഭിച്ചത്.ആദ്യകാലങ്ങളിൽ സ്വാതി സ്നാക്സിൽ നിന്ന് അധിക വരുമാനമൊന്നും ലഭിച്ചിരുന്നില്ല. വിവിധ ശൃംഖലകളിൽ നിന്നും പ്രതിമാസം നാല് കോടിയിലധികം വരുമാനമാണ് ഈ ഭക്ഷണശാലയിൽ നിന്നും ലഭിക്കുന്നത്. മുകേഷ് അംബാനിയും കുടുംബവും മിക്ക ആഴ്ചകളിലും ഭക്ഷണം കഴിക്കാൻ ഇവിടെ എത്താറുണ്ട്. നിരവധി പ്രമുഖരും സ്വാതി സ്നാക്സിൽ ഇഷ്ടവിഭവങ്ങൾ കഴിക്കാൻ എത്തുമായിരുന്നു.
സംഗീതജ്ഞനായ സക്കീർ ഹുസൈനും പ്രശസ്ത കലാകാരനായ എം എഫ് ഹുസൈനും ഇവിടെ സ്ഥിരം ഭക്ഷണം കഴിക്കാൻ എത്തുമായിരുന്നു. ഏഷ്യയിലെ മികച്ച 50 റെസ്റ്റോറന്റുകളുടെ പട്ടികയിൽ ഇടംപിടിച്ചതാണ് സ്വാതി സ്നാക്സ്. ആപ്പിൾ സിഇഒ ടിം കുക്ക് ഇവിടെ വന്ന് വട പാവ് കഴിച്ചത് ലോകശ്രദ്ധ നേടാൻ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |