തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന പ്രസ്‌താവന പിൻവലിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ അനാവശ്യ ചർച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്‌താവന പിൻവലിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആയിരക്കണക്കിന് കുട്ടികൾ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭകെടുത്തുന്ന തരത്തിലുള്ള വിവാദങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 'എന്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പലരുടെയും പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ട് പ്രസ്‌താവന ഞാൻ പിൻവലിച്ചു. ഇനി അതു വിട്ടേക്ക്'- മന്ത്രി പറഞ്ഞു.
'കലോത്സവത്തിലേയ്ക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടുവരുന്നതിനും കലോത്സവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും കലോത്സവ വേദിയിൽ സെലിബ്രിറ്റികളെ കൊണ്ടുവരാറുണ്ട്. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി, ആശാ ശരത്, കുമാരി നിഖില വിമൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ആശാ ശരത്താണ് സ്വാഗതഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. കോഴിക്കോട് കലോത്സവത്തിൽ കെ എസ് ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്.
കലോത്സവ വേദികളിൽ എത്തുന്ന സെലിബ്രിറ്റികൾ ആ വേദിയുടെ പ്രാധാന്യം ഉൾകൊണ്ടുകൊണ്ട് പ്രതിഫലം ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ഒരു സാംസ്‌കാരിക പരിപാടിയിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ വാർത്തയായത് ശ്രദ്ധയിൽപ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമർശങ്ങൾ. അതിനാൽ പരാമർശം പിൻവലിക്കുന്നു.
വെഞ്ഞാറമൂട്ടിൽ സംസ്ഥാന നാടക മത്സരത്തിന്റെ സമ്മാനദാനത്തിന് പോയപ്പോഴാണ് നടിയെക്കുറിച്ചുള്ള പരാമർശം നടത്തിയത്. സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, ആർട്ടിസ്റ്റ് സുജാതൻ എന്നിവർ അവിടെ ഉണ്ടായിരുന്നു. ലോകത്ത് എവിടെ ആയിരുന്നാലും സുരാജ് വെഞ്ഞാറമൂട്, പഴയ നാടകനടൻ എന്ന നിലയിൽ നാടകോത്സവം നടക്കുന്ന സമയത്ത് അവിടെ എത്തുമെന്ന് ഞാൻ പറഞ്ഞു. അത് ആ നാടിനോടും നാടകത്തോടുമുള്ള സ്‌നേഹമാണ്. ഇത് എല്ലാ സെലിബ്രിറ്റികളും പിന്തുടരുന്നത് നല്ലതാണെന്ന് ഞാൻ പറഞ്ഞു.
14,000 കുട്ടികൾ പങ്കെടുക്കുന്ന സ്‌കൂൾ കലോത്സവത്തിൽ ഏഴുമിനിട്ട് നീളുന്ന നൃത്തം അവതരിപ്പിക്കാൻ സ്‌കൂൾ കലോത്സവത്തിലൂടെ പ്രശസ്തയായ നടിയായ വ്യക്തിയോട് അഭ്യർത്ഥിച്ചപ്പോൾ അവർ അഞ്ചുലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോട് ചോദിച്ചു. അത് വലിയ വാർത്തയായപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ആയിട്ടേയുള്ളൂ. കുട്ടികളെ നിരാശപ്പെടുത്തുന്ന വിവാദങ്ങൾ വേണ്ട. അതുകൊണ്ട് വെഞ്ഞാറമൂട്ടിൽ ഞാൻ നടത്തിയ പ്രസ്‌താവന പിൻവലിക്കുകയാണ്'- മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |