വാഷിംഗ്ടണ്‍: അമേരിക്കയിലെ ബഹുരാഷ്ട്ര റീട്ടെയില്‍ സ്ഥാപനമായ വാള്‍മാര്‍ട്ടിന്റെ ഒരു പ്രവര്‍ത്തി കടുത്ത അമര്‍ഷത്തിനും വിമര്‍ശനത്തിനും വഴിവച്ചിരിക്കുകയാണ്. ഹിന്ദു മത വിശ്വാസികള്‍ വളരെ ആദരവോടെ ആരാധിക്കുന്ന ഗണപതി ഭഗവാന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് അപ്പാരല്‍സ് വില്‍പ്പന പുരോഗമിക്കുന്നത് വിശ്വാസികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ചെരിപ്പുകള്‍, അടിവസ്ത്രങ്ങള്‍, സ്വിമ്മിംഗ് സ്യൂട്ടുകള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്ക്ക വച്ചിരിക്കുന്നത്.
വാള്‍മാര്‍ട്ടിന്റെ നടപടി ഹിന്ദു സമൂഹത്തിന്റെ വികാരം വ്രിണപ്പെടുത്തുന്നതാണെന്ന ആരോപണം ശക്തമാണ്. സംസ്‌കാരത്തേയും വിശ്വാസത്തേയും കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം അജ്ഞത നിറഞ്ഞ പ്രവര്‍ത്തിയുടെ പിന്നിലെന്നാണ് ഉപയോക്താക്കള്‍ കുറ്റപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് അടിയന്തരമായി നിര്‍ത്താന്‍ വാള്‍മാര്‍ട്ട് തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
'പ്രിയപ്പെട്ട വാള്‍മാര്‍ട്ട് അധികൃതരെ, ഭഗവാന്‍ ഗണേശനെ കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്നുണ്ട്. ഹിന്ദു ധര്‍മ്മം വിശ്വസിക്കുന്നവര്‍ തടസങ്ങളും പ്രതിസന്ധികളും നീങ്ങുന്നതിന് വേണ്ടിയാണ് ഗണേശ ഭഗവാനെ ആരാധിക്കുന്നത്. ഇത്തരത്തില്‍ അദ്ദേഹത്തേയും ഹിന്ദു മതത്തേയും ആരാധിക്കുന്നവരുടെ വികാരത്തെ വൃണപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് മതിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'- ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു.
പ്രതിഷേധം വ്യാപകമായതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകള്‍, സോക്‌സുകള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ വാള്‍മാര്‍ട്ട് അവരുടെ സൈറ്റില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത സ്വിമ്മിംഗ് സ്യൂട്ടുകള്‍ പോലുള്ളവയുടെ വില്‍പ്പന ഇപ്പോഴും തുടരുന്നതായി വിമര്‍ശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |