കൊച്ചി: രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകളും മറ്റും നീക്കി പിഴ ഈടാക്കിയതിന്റെ കണക്ക് ഒരാഴ്ചയ്‌ക്കകം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. അടുത്ത ബുധനാഴ്ച കണക്കുകളുമായി പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകണം.
അനധികൃത ബോർഡ് ഒന്നിന് 5000 രൂപയാണ് പിഴ. ബോർഡുകൾ നിരത്തിൽ തുടർന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് തുക ഈടാക്കും. പേടിയുള്ളവർ രാജി വച്ചു പോകണം. ബോർഡിന്റെ വലിപ്പത്തിനനുസരിച്ച് പിഴ വർദ്ധിപ്പിക്കുന്നതും പരിഗണിക്കണം. സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്ന ഇത്തരം ബോർഡുകൾ നീക്കണമെന്ന് കോടതി പലതവണ ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്തത് സർക്കാരിന്റെ പരാജയമാണ്.
രാഷ്ട്രീയപ്പാർട്ടികളെ പേടിയായതിനാൽ ജില്ലാ, പ്രാദേശിക സമിതികൾ ഫലപ്രദമല്ല. ബോർഡുകൾ നീക്കാൻ ജീവനക്കാർ ഭയപ്പെടേണ്ട. തദ്ദേശ സെക്രട്ടറിമാർ കോടതിക്ക് പിന്നിൽ അണിനിരക്കണം. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ കോടതി സംരക്ഷിക്കും. കോടതിഅലക്ഷ്യമടക്കം സ്വീകരിക്കും.നേതാക്കളുടെ മുഖമുള്ള ഫ്ലക്സുകൾ നീക്കിയാൽ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകും. തിരുവനന്തപുരത്തടക്കം സർക്കാർ സംവിധാനങ്ങൾ സ്ഥാപിച്ച അനധികൃത ബോർഡുകളും ഉടൻ നീക്കണം. കളമശേരിയിൽ സഹകരണ മേഖലയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ബോർഡുകൾ വച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടു വർഷത്തിനിടെ 1.75 ലക്ഷം ബോർഡുകൾ നീക്കിയെന്നും 98 ലക്ഷം രൂപ പിഴ കണക്കാക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. എന്നാൽ 30 ലക്ഷം രൂപമാത്രമാണ് വാങ്ങിയെടുത്തത്. നിയന്ത്രണങ്ങൾക്കായി ഡിജിറ്റൽ സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ചു.വിശദീകരണമല്ല, നടപടിയാണ് ആവശ്യമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ അനധികൃത ബോർഡുകളെല്ലാം 10 ദിവസത്തിനകം നീക്കാൻ കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. നഗരപ്രദേശങ്ങളിൽ മാറ്റമുണ്ടായെങ്കിലും ഗ്രാമങ്ങളിൽ നടപടിയുണ്ടാകുന്നില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |