കൊല്ലം: വിഭാഗീയത അതിരൂക്ഷമായ കരുനാഗപ്പള്ളി ഏരിയായിൽ നിന്നുള്ള നാലുപേരെയും
സി.പി.എം ജില്ലാ സമ്മേളനത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ.വസന്തൻ, കരുനാഗപ്പള്ളി മുൻ ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.രാധാമണി, ജെ.എസ്.എസിൽ നിന്ന് എത്തിയ ബി.ഗോപൻ എന്നിവരെയാണ് ഒഴിവാക്കിയത്.
പി.ആർ.വസന്തന്റെയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടിയുടെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയാണ് കരുനാഗപ്പള്ളിയിൽ സി.പി.എമ്മിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ സമ്മേളനകാലത്ത് സൃഷ്ടിച്ചത്. ഒഴിവാക്കപ്പെട്ടവരിൽ പി.കെ.ബാലചന്ദ്രൻ പി.ആർ.വസന്തൻ പക്ഷത്തും സി.രാധാമണി സൂസൻകോടിക്ക് ഒപ്പവുമായിരുന്നു. ബി.ഗോപന് നിഷ്പക്ഷ നിലപാടായിരുന്നു. സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇവിടെ നിന്നുള്ളവരെ ഉൾപ്പെടുത്താൻ രണ്ട് ഒഴിവുകൾ മാത്രമാണിട്ടത്.
വിഭാഗീയത വച്ചു
പൊറുപ്പിക്കില്ല
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിന്റെ ഭാഗമായാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് പൊതുചർച്ചയ്ക്കുള്ള മറുപടിയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കരുനാഗപ്പള്ളിക്ക് പുറമേ 18 ഏരിയകളിൽ സമ്മേളന നടത്തിപ്പിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അവിടെയെല്ലാം സംസ്ഥാന സെന്റർ നേരിട്ട് ഇടപെട്ടു.
കരുനാഗപ്പള്ളിയിൽ അഡ്ഹോക്ക് കമ്മിറ്റി പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. ഇതിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ കർശന നടപടിയുണ്ടാകും. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണം. ചാത്തന്നൂരിലും കരുനാഗപ്പള്ളിയിലും ബി.ജെ.പി വോട്ടിലെ വർദ്ധന മറി കടക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഞാനിപ്പോൾ
ഫുൾ ചിരിയാണ്
ഞാനിപ്പോൾ ആരെ കണ്ടാലും ചിരിക്കും. ചാനലുകാരെയും പത്രക്കാരെയും പാർട്ടി പ്രവർത്തകരെയും കണ്ടാലും ചിരിക്കും. നേതാക്കളുടെ പെരുമാറ്റം പെതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നുവെന്ന പൊതുചർച്ചയിലെ വിമർശനത്തിന് എം.വി.ഗോവിന്ദന്റെ മറുപടി കേട്ട് പ്രതിനിധികളാകെ പൊട്ടിച്ചിരിച്ചു.
മറുപടി പ്രസംഗത്തിനിടെ മൈക്ക് പണിമുടക്കിയെങ്കിലും ഗോവിന്ദൻ മാസ്റ്റർ നിശബ്ദനായി നിന്നു. മൈക്ക് റെഡിയായതോടെ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. കണ്ടില്ലേ ഞാൻ തിരുത്തി. നവകേരളയാത്രയ്ക്കിടെ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിനിധികളുടെ വിമർശനത്തിനും അദ്ദേഹം സരസമായി മറുപടി നൽകി. മുഹമ്മദ് റിയാസ് അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും അദ്ദേഹം മന്ത്രിയാകാൻ യോഗ്യനാണെന്നും പ്രതിനിധികളുടെ വിമർശനത്തിന് മറുപടിയായി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |