കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മോഡലിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ സർവീസ് കെട്ടിടത്തിലേക്ക് റെയിൽവേ ഓഫീസുകൾ മാറ്റിത്തുടങ്ങി. ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസ് പുതിയ കെട്ടിടത്തിൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ചു.
സിഗ്നൽ, ടെലി സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസുകൾ, റെയിൽവേ ഇൻസ്റ്റിറ്റ്യുട്ട്, റെയിൽവേ കോടതി, ആർ.പി.എഫ്, റെയിൽവേ പൊലീസ് സ്റ്റേഷനുകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് മാറും.
മൂന്ന് നിലകളിലായി 26000 ചതുരശ്രയടി വിസ്തീർണമാണ് പുതിയ സർവീസ് കെട്ടിടത്തിനുള്ളത്. പ്രധാന കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന അഞ്ച് നിലകൾ വീതമുള്ള ആറ് ബ്ലോക്ക് കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. മൂന്നാമത്തെ ബ്ലോക്കിന്റെ ഒന്നാം നിലയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ആഴ്ചകൾക്കുള്ളിൽ ഉയരങ്ങളിൽ പാർക്കിംഗ്
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് എതിർവശമുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ നിർമ്മാണം 99 ശതമാനം പൂർത്തിയായി
വയറിംഗ് ജോലികളും അറ്റകുറ്റപ്പണികളും മാത്രമാണ് ബാക്കിയുള്ളത്
ജനുവരി പകുതിയോടെ ടവർ റെയിൽവേക്ക് കൈമാറും
പാർക്ക് ചെയ്യാവുന്ന കാറുകൾ-138
ബൈക്ക്-239
ദിവസങ്ങൾക്കകം പൊളിക്കൽ
പ്രധാന കെട്ടിട സമുച്ചയത്തിന്റെ ബാക്കി മൂന്ന് ബ്ലോക്കുകളുടെ നിർമ്മാണത്തിനായി നിലവിലുള്ള പ്രധാന കെട്ടിടം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊളിക്കും. ആർ.പി.എഫ് സ്റ്റേഷൻ മുതൽ വിശ്രമകേന്ദ്രം വരെയുള്ള ഭാഗം ഒരുമിച്ച് പൊളിക്കാനാണ് തീരുമാനം. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ, വിശ്രമ കേന്ദ്രം തുടങ്ങിയവ റെയിൽവേ സ്റ്റേഷന് മുന്നിൽ സജ്ജമാക്കിയ താത്കാലിക ഷെഡുകളിലേക്ക് മാറ്റി.
പ്രധാന സമുച്ചയത്തിന്റെ ഇനിയുള്ള ബ്ലോക്കുകളുടെ ആദ്യ രണ്ട് നിലകളുടെ നിർമ്മാണത്തിനേ കൂടുതൽ സമയം വേണ്ടിവരൂ. ബാക്കിയുള്ള നിലകൾ വാണിജ്യാവശ്യത്തിന് ഉള്ളതായതിനാൽ പ്ലാസ്റ്ററിംഗ് വരെയുള്ള ജോലികളെ ചെയ്യേണ്ടതുള്ളു.
നിർമ്മാണ കമ്പനി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |