കല്പറ്റ: തുടർച്ചയായ രണ്ടാം വർഷവും കാലവർഷം കലിപൂണ്ടത് ടൂറിസം ഹബ്ബായ വയനാട്ടിനെ ആശങ്കയിലാക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിലേറെ പേർ ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന ജില്ലയാണ് വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 2017ൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ വയനാടിന് ആറാം സ്ഥാനവും വിദേശികളുടെ വരവിൽ ഒൻപതാം സ്ഥാനവുമായിരുന്നു. ആകെ എത്തിയ 8,24,619 പേരിൽ 8,995 പേർ വിദേശികളായിരുന്നു.
2017ൽ കേരളത്തിന് ടൂറിസം വരുമാനമായി 33,383.68 കോടി രൂപ ലഭിച്ചപ്പോൾ ഇതിൽ 1,345.46 കോടി രൂപ വയനാടിന്റെ സംഭാവനയായിരുന്നു. വിദേശ നാണയമായി കേരളത്തിന് 8,392.11 കോടി ലഭിച്ചപ്പോൾ 69.14 കോടി വയനാട്ടിലൂടെ എത്തിയതായിരുന്നു. എന്നാൽ, 2018ലും ഈ വർഷവും പെയ്ത മഴക്കാലം ഈ വളർച്ചയെ തകിടം മറിക്കുകയാണ്.
കൃഷി, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ അധിക വരുമാനമായി കണ്ടാണ് പലരും ടൂറിസം രംഗത്തേക്ക് തിരിഞ്ഞത്. ഇവരാണ് പ്രതിസന്ധിയിലായത്. കരകൗശല ഉത്പന്ന വിപണനം- ഭക്ഷണം- ടാക്സി- ടൂർ ഗൈഡ് തുടങ്ങിയ ഒട്ടേറെ അനുബന്ധ മേഖലകളാണ് ടൂറിസ്റ്റുകളെ ആശ്രയിച്ച് കഴിയുന്നത്. ഒരു ടൂറിസ്റ്റ് വന്നാൽ 14 പേർക്ക് ജോലി കിട്ടുമെന്നാണ് കണക്കെന്ന് ഡി.ടി.പി.സി സെക്രട്ടറി ആനന്ദ് പറയുന്നു. ടൂറിസം സ്പോട്ടുകളിൽ പ്രാദേശിക ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള നിരവധി ശ്രമങ്ങളും ഡിപ്പാർട്ട്മെന്റ് നടത്തിയിരുന്നു. എന്നാൽ ഈ അദ്ധ്വാനമെല്ലാം പ്രളയം തകർത്തു.
മലബാറിലെ ജില്ലകളിൽ കാലവർഷം ഉണ്ടാക്കുന്ന പ്രത്യക്ഷ നഷ്ടത്തേക്കാൾ എത്രയോ ഭീകരമാണ് അനുബന്ധ നഷ്ടമെന്ന് കണ്ണൂർ ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസും പറയുന്നു. 80 ദിവസം തുടർച്ചയായ മഴയായിരുന്നു 2018 ൽ വയനാട്ടിനെ ഉലച്ചത്. ഇത്തവണ ഒരു ദിവസം 200 എം.എം മഴയും തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 100 എം.എം വീതവും മഴ ലഭിച്ചു. പ്രതിസന്ധി മറികടക്കാൻ നാല് മാസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതര സംസ്ഥാനത്തെ സഞ്ചാരികളെ എത്തിച്ച് നവമാദ്ധ്യമങ്ങളിൽ കാമ്പയിൻ നടത്തി വിദേശികളുടെ വിശ്വാസമാർജ്ജിച്ച് തിരികെ എത്തിക്കാനാകുമെന്ന പ്രതീക്ഷയും ടൂറിസം വകുപ്പിനുണ്ട്.
വയനാട്ടിൽ 200ഓളം റിസോർട്ടുകളുണ്ട്. ഇതിലും എത്രയോ ഇരട്ടി ഹോം സ്റ്റേ സൗകര്യങ്ങളും വരും. സഞ്ചാരികൾ തിരികെ എത്തും വരെയുള്ള വറുതിയുടെ കാലം എങ്ങനെ മറി കടക്കുമെന്നാണ് നടത്തിപ്പുകാരുടെ ആശങ്ക. ഇതിലെ ജീവനക്കാരും പട്ടിണിയിലാകും. മാവോയിസ്റ്റ് ഭീഷണിയും വയനാട്ടിലെ ടൂറിസത്തിന് തിരിച്ചടിയാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായപ്പോൾ പലയിടത്തും റിസർവേഷൻ കൂട്ടത്തോടെ കാൻസൽ ചെയ്തിരുന്നു.
അതേസമയം പൂക്കോട്ട് തടാകം, ബാണാസുര സാഗർ, മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതം എന്നിവ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പൊതുവെയുണ്ടായ ഭീതി ഇവിടേക്കുള്ള വരവും കുറച്ചിട്ടുണ്ട്. പൂക്കോട്ട് ദിവസവും 2,500 പേർ വരെയാണ് എത്തുന്നത്. ഇക്കുറി പെരുന്നാൾ ദിനത്തിൽ ഇവിടെ സഞ്ചാരികളുടെ കാര്യമായ കുറവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |