വർഷാവസാന പരീക്ഷയിൽ ജയിച്ചാലും ഇല്ലെങ്കിലും ക്ളാസ്കയറ്റം നൽകണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അഞ്ച്, എട്ട് ക്ളാസുകൾ കടന്നുകിട്ടാൻ ഇനി മുതൽ വാർഷികപരീക്ഷ പാസായിരിക്കണം. നിശ്ചിത മാർക്ക് നേടി പാസാകാത്ത കുട്ടികൾക്ക് രണ്ടു മാസത്തിനുശേഷം ഒരു പരീക്ഷ കൂടി നടത്തി പഠന നിലവാരം പരിശോധിക്കണം. ഈ കടമ്പയും കടക്കാത്ത കുട്ടികൾക്ക് അടുത്ത ക്ളാസിലേക്ക് പ്രൊമോഷൻ നൽകരുതെന്നാണ് പുതിയ നിബന്ധന. ഈ ഗണത്തിൽപ്പെടുന്നവരെ അതേ ക്ളാസിൽ വീണ്ടുമിരുത്തണം. വാർഷിക പരീക്ഷയിൽ വിജയം ഉറപ്പാക്കിയാൽ മാത്രം പ്രൊമോഷൻ എന്ന നിബന്ധന കുട്ടികളുടെ പഠന മികവ് ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് വിശദീകരണം. വിദ്യാഭ്യാസം കൺകറന്റ് വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ അവകാശമുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ കേന്ദ്ര നയത്തിന് എതിരാണെങ്കിലും, നിശ്ചിത ശതമാനം മാർക്കുണ്ടെങ്കിലേ പ്രൊമോഷൻ നൽകേണ്ടതുള്ളൂ എന്ന് കേരളവും പ്രഖ്യാപിച്ചുകഴിഞ്ഞു.
മുപ്പതു ശതമാനമെങ്കിലും മാർക്ക് നേടാത്ത കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തി നിലവാരം അളക്കാനാണ് ആലോചന. ഓൾ പ്രൊമോഷൻ എന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിക്കാൻ കേരളവും ഒരുങ്ങുന്നതിനു പിന്നാലെ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ പരിഷ്കാരത്തിനെതിരെ ഭരണാനുകൂല അദ്ധ്യാപക സംഘടനക്കാർ ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.
അഞ്ചും എട്ടും ക്ളാസുകളിലെ ഓൾ പ്രൊമോഷൻ രീതി ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിനകം പതിനാറു സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഇത് നടപ്പാക്കിക്കഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക സ്‌കൂളുകൾ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന സ്‌കൂളുകൾ എന്നിവ ഓൾ പ്രൊമോഷൻ അവസാനിപ്പിക്കുകയാണ്.
എഴുതാനും വായിക്കാനും പ്രാപ്തിയില്ലാത്ത കുട്ടികളെ ഉയർന്ന ക്ളാസുകളിലേക്ക് കയറ്റിവിടുന്നതുകൊണ്ട് അവർക്കോ സമൂഹത്തിനോ ഒരു പ്രയോജനവും കിട്ടുന്നില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. ദീർഘവീക്ഷണമില്ലാതെയും കൈയടി നേടാനും കൊണ്ടുവരുന്ന ചില പരിഷ്കാരങ്ങൾ കുട്ടികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഓൾ പ്രൊമോഷൻ സമ്പ്രദായം. പരീക്ഷയിൽ മികവു കാണിച്ചില്ലെങ്കിലും ക്ളാസ് കയറ്റം സാദ്ധ്യമാണെന്നു വരുന്നത് ഗൗരവപൂർവം പഠനത്തെ സമീപിക്കുന്നതിൽ നിന്ന് ഒട്ടനവധി കുട്ടികളെ പിന്തിരിപ്പിക്കും. പത്താം ക്ളാസിലെത്തുമ്പോഴും നാലു വാചകം തെറ്റുകൂടാതെ എഴുതാനോ വായിക്കാനോ കുട്ടികളിൽ പലർക്കും കഴിയുന്നില്ലെന്ന സത്യം പരസ്യമായി തുറന്നടിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ്. ഈ ഒരു പ്രസ്താവനയുടെ പേരിൽ അദ്ദേഹം ഒട്ടധികം പഴി കേൾക്കുകയും ചെയ്തു!
കേരളത്തിൽ പത്താം ക്ളാസ് 'പാസാകുന്ന" കുട്ടികളിൽ പതിനായിരങ്ങളാണ് പൂർണ 'എ പ്ളസു"കാർ. പഠന മികവിന്റെ തെളിവായി വിദഗ്ദ്ധർ ഇതു കണക്കിലെടുക്കാറില്ല. വിജയശതമാനം നൂറിനടുത്തെത്തി നിൽക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ പൊള്ളത്തരം പൊതുവേ ബോദ്ധ്യമായിട്ടുമുണ്ട്. ഒരുതരത്തിലും പ്രൊമോഷന് അർഹതയില്ലാത്ത കുട്ടികൾക്ക് ഓരോ വർഷവും ക്ളാസ് കയറ്റം നൽകി, അവരെ ഒന്നിനും കൊള്ളാത്തവരാക്കുകയാണ് ഓൾ പ്രൊമോഷൻ വഴി ചെയ്തുകൊണ്ടിരിക്കുന്നത്. ഏതായാലും വാർഷിക പരീക്ഷകളിൽ നിശ്ചിത ശതമാനം മാർക്ക് നേടിയാലേ പ്രൊമോഷന് പരിഗണിക്കുകയുള്ളൂ എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |