ന്യൂഡൽഹി: മൂടൽ മഞ്ഞിനൊപ്പം മൂടിക്കെട്ടി ആകാശവും. പകൽ മുഴുവൻ ചാറ്റൽ മഴ. വിഷാദസാന്ദ്രമായിരുന്നു ഇന്നലെ ഡൽഹിയിലെ അന്തരീക്ഷം. മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ ബംഗ്ളാവിന്റെ സ്വീകരണ മുറിയിൽ ചേതനയറ്റ് കിടക്കുകയാണ് മൻമോഹൻ സിംഗ്. 2014ൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ ശേഷമാണ് ഇവിടെ താമസമാക്കിയത്. അതിഥികളെ സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെയല്ലാതെ അദ്ദേഹം സ്വീകരിച്ചിട്ടില്ല.
ഡോ. മൻമോഹൻ സിംഗിനെ ഒരുനോക്കു കാണാൻ നൂറുകണക്കിനാളുകൾ ഇന്നലെ ഒഴുകിയെത്തി. ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടിന് വസതിയിൽ നിന്ന് അര കിലോമീറ്റർ അകലെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. 9.30വരെ പൊതുദർശനം. സംസ്കാരം രാവിലെ 11.45ന് ചെങ്കോട്ടയുടെ പിൻഭാഗത്ത് യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിൽഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സ്മാരകം നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി.
വ്യാഴാഴ്ച രാത്രി തന്നെ ഭൗതിക ശരീരം എയിംസിൽ നിന്ന് മോത്തിലാൽ റോഡിലെ വസതിയിലേക്ക് മാറ്റിയിരുന്നു. കർണാടകയിലെ ബെൽഗാമിൽ നിന്ന് പുലർച്ചെ രണ്ടിന് ഡൽഹിയിൽ വിമാനമിറങ്ങിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ നേരേ പ്രിയനേതാവിന്റെ വീട്ടിലാണെത്തിയത്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചശേഷം ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും രാത്രി ആശുപത്രിയിലെത്തിയിരുന്നു.
ഇന്നലെ അതിരാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി. നദ്ദയും വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമെത്തി. ഡൽഹി മുഖ്യമന്ത്രി അതിഷി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആംആദ്മി കൺവീനർ അരവിന്ദ് കേജ്രിവാൾ തുടങ്ങിയവരുമെത്തി.കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ജയ്റാംരമേശ്, എം.കെ. രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയവർ ഇന്നലെ രാവിലെ മുതൽ മൻമോഹന്റെ വസതിയിലുണ്ടായിരുന്നു.
കേന്ദ്ര സ്ഥാപനങ്ങൾക്ക് ഇന്ന് പകുതി ദിവസം അവധി
ഇന്നലെ രാവിലെ 11ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമേയം പാസാക്കി. ജനുവരി ഒന്നുവരെ ഏഴ് ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആ ദിവസങ്ങളിൽ വിദേശ എംബസികളിലടക്കം ദേശീയ പതാക പകുതി താഴ്ത്തും. ഇന്ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |