നാഗർകോവിൽ: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയേയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലത്തിന്റെ പണി പൂർത്തിയായി. നാളെ ജനങ്ങൾക്കായി തുറന്ന് കൊടുക്കും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാലം ഉദ്ഘാടനം ചെയ്യും.
പാലത്തിന്റെ പണി പൂർത്തിയായതോടെ വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് നടന്ന് എത്താൻ കഴിയും. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ വി.എം.ഇ പ്രീകാസ്റ്റ് പ്രോഡക്ട്സ് കമ്പനിക്കായിരുന്നു നിർമ്മാണച്ചുമതല. സ്റ്റീൽ മേൽക്കൂരകൊണ്ട് ഇരുഭാഗത്തേയും ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റീൽ പ്ലാറ്റ്ഫോമിൽ രണ്ടര മീറ്റർ വീതമുള്ള ഗ്ലാസ് പാളികൾകൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്.
തിരുവള്ളുവർ പ്രതിമയുടെ രജത ജൂബിലി
കന്യാകുമാരി ത്രിവേണി സംഗമത്തിലെ തിരുവള്ളുവർ പ്രതിമയുടെ രജത ജൂബിലി ആഘോഷം 31നും ജനുവരി 1നുമായി നടക്കും. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കും. തിരുവള്ളൂവർ പ്രതിമയും പീഠവും ചേർത്ത് 133 അടിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രതിമയ്ക്ക് 25 വർഷത്തെ പഴക്കമാണുള്ളത്. 2000 ജനുവരി 1നാണ് പണി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിച്ചത്. നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. ഗണപതി സ്തപത്തിയായിരുന്നു ശില്പി. 2004ലിലെ സുനാമിയിലും ശില്പത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വരവോട് അനുബന്ധിച്ച് 1500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി കന്യാകുമാരിയിൽ നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |