മലപ്പുറം: മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരം വൈകുന്ന പശ്ചാത്തലത്തിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇന്നലെ രാവിലെ 9.15ഓടെ തലശേരി ബിഷപ്പ് ഹൗസിലെത്തിയുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. തുടർന്ന് ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. പ്രഭാത ഭക്ഷണം ഒരുമിച്ച് കഴിച്ച ശേഷമാണ് സാദിഖലി തങ്ങൾ മടങ്ങിയത്.
സൗഹൃദ സന്ദർശനമാണെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും മുനമ്പം, കേരള വന നിയമ വിജ്ഞാപനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായിട്ടുണ്ട്. മുസ്‌ലിം - ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിൽ അകൽച്ച വർദ്ധിക്കുന്നെന്ന പ്രതീതിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് സാദിഖലി തങ്ങളുടെ സന്ദർശനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യു.ഡി.എഫുമായി ക്രിസ്ത്യൻ സമുദായത്തെ കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യവും സന്ദർശനത്തിന് പിന്നിലുണ്ട്. ഷാഫി പറമ്പിൽ എം.പിയും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ക്രിസ്മസ് ദിനത്തിൽ കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനേയും സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചിരുന്നു.
ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
. മുനമ്പത്തിന്റെ പേരിൽ സമുദായങ്ങൾ തമ്മിൽ ഇടർച്ച ഉണ്ടാവാൻ പാടില്ല. അവിടെ താമസിക്കുന്നവരോട് മനുഷ്യത്വപരമായ സമീപനം ആവശ്യമാണ്.സർക്കാർ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണം. അവിടത്തെ ആളുകളുടെ ആശങ്ക പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുന്നിലുള്ള പല വിഷയങ്ങളിലും പരസ്പര ധാരണയോടെ കാര്യങ്ങൾ മനസിലാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. രാഷ്ട്രീയമോ മറ്റ് ലക്ഷ്യങ്ങളോയില്ല. പരസ്പരം മനസിലാക്കലും ഒരുമിച്ച് നീങ്ങാവുന്ന എല്ലാ മേഖലകളിലും ഒരുമിച്ച് നിൽക്കുകയെന്നതും കേരളീയ സമൂഹത്തിന്റെ ഭാവിക്ക് ആവശ്യമാണ്. കർഷകരെ ദ്രോഹിക്കുന്ന ഒരു പാട് പ്രശ്നങ്ങൾ മുന്നിലുണ്ട്. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |