സിഡ്‌നി: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനം ആരാധകർക്കും മുൻ കളിക്കാർക്കും വലിയ രോഷമാണ് സമ്മാനിച്ചത്. ഓസ്‌ട്രേലിയയുമായുള്ള നാല് മത്സരങ്ങളിൽ ആദ്യത്തേത് വിജയിച്ച ശേഷം പിന്നീട് നടന്ന മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയം കൈവിട്ടു. മുതിർന്ന കളിക്കാരായ ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മ, വിരാട് കൊഹ്‌ലി എന്നിവരുടെയും കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെയും പ്രകടനത്തിൽ വലിയ അമർഷമാണ് ആരാധകർക്ക് ഉള്ളത്.
കോച്ച് ഗൗതം ഗംഭീർ, ടീമിനായി തയ്യാറാക്കുന്ന ഗെയിംപ്ളാൻ അനുസരിച്ച് കളിച്ചില്ലെങ്കിൽ പ്ളെയിംഗ് ഇലവനിലെ ആരായാലും പുറത്തുപോകുമെന്ന് ശക്തമായ മുന്നറിയിപ്പും കളിക്കാർക്ക് നൽകിയിട്ടുണ്ട്. ഇതിനിടെ കോച്ചിന്റെ നിലയും വൈകാതെ പരുങ്ങലിലാകുമെന്ന സൂചനകൾ ബിസിസിഐയിലെ ചില പ്രധാന വ്യക്തികളെ സൂചിപ്പിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2024 ജൂൺ മാസത്തിൽ ട്വന്റി20 ലോകകപ്പ് വിജയത്തോടെ കോച്ചായിരുന്ന രാഹുൽ ദ്രാവിഡ് ഒഴിഞ്ഞു. ഇതോടെയാണ് ഗൗതം ഗംഭീർ കോച്ചായത്. ഇതിന് ശേഷം നടന്ന ഏഴ് ടെസ്‌റ്റ് മത്സരങ്ങളിൽ അഞ്ചിലും ഇന്ത്യ തോറ്റു. ഇപ്പോഴിതാ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ എത്തില്ല എന്ന അവസ്ഥയുടെ അടുത്താണ്. ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്‌റ്റിൽ ഇന്ത്യ ജയിച്ചാൽ മാത്രം പോര ശേഷം ശ്രീലങ്കയിലെ ഓസ്‌ട്രേലിയയുടെ ടെസ്‌റ്റ് മത്സരങ്ങൾ അവർ തോൽക്കുക കൂടി ചെയ്‌താലേ അതിന് സാദ്ധ്യതയുള്ളൂ. മികച്ച ഫോമിൽ കളിക്കുന്ന ഓസ്‌ട്രേലിയയെ നോക്കുമ്പോൾ ഇത് അസാദ്ധ്യമാണ്.
ഇതോടെ ഗംഭീറിന്റെ കാര്യവും പരുങ്ങലിലാകുകയാണ് എന്നാണ് സൂചന. സിഡ്‌നി ടെസ്‌റ്റിലും തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഗംഭീറിനെ നീക്കുമെന്നാണ് വിവരം. മുൻപ് രവി ശാസ്‌ത്രിയും രാഹുൽ ദ്രാവിഡും ഇന്ത്യയെ പരിശീലിപ്പിച്ചിരുന്ന കാലത്തിന് വിപരീതമായി കളിക്കാരും ടീം മാനേജ്‌മെന്റും തമ്മിലെ ബന്ധത്തിന് വലിയ വിള്ളലാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായത്.
മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും തങ്ങൾ എന്തുകൊണ്ട് എപ്പോഴും പ്ളേയിംഗ് ഇലവനിൽ നിന്ന് പുറത്താകുന്നു എന്ന് ചില താരങ്ങൾ ചോദ്യവും ഉന്നയിക്കുന്നുണ്ട്. ദ്രാവിഡിന് ശേഷം മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മണിനെ കോച്ചാക്കാനായിരുന്നു ബിസിസിഐയ്‌ക്ക് ആദ്യം താൽപര്യം. ചില വിദേശ താരങ്ങളെയും പരിഗണിച്ചു. എന്നാൽ മൂന്ന് ഫോർമാറ്റിലും പരിശീലിപ്പിക്കാൻ അവർ തയ്യാറായില്ല. ഇതോടെ ഒരു ഒത്തുതീർപ്പ് പേരെന്ന നിലയിൽ ഗംഭീറിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഒരു മുതിർന്ന ബിസിസിഐ അംഗം സൂചിപ്പിച്ചു.
ഗംഭീറിന്റെ സപ്പോർട്ടിംഗ് സ്റ്റാഫുകളിലൊരാൾ സ്വന്തമായി പേഴ്‌സണൽ സ്റ്റാഫിനെ വയ്‌ക്കുകയും ടീമിനൊപ്പം ഇവരും എത്തുകയും ചെയ്‌തത് ബിസിസിഐ നിരീക്ഷിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ഇയാൾ ഉൾപ്പെട്ടത് ബിസിസിഐ വൃത്തങ്ങൾക്ക് അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |