ആലപ്പുഴ: സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ അക്രമം നടത്തിയ ഗുണ്ടാ നേതാവിനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പിൽ വീട്ടിൽ ഹാഷിം (35) ആണ് പിടിയിലായത്. 4ന് വൈകിട്ട് 3ന് നൂറനാട് ആശാൻ കലുങ്ക് ഭാഗത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി അക്രമം നടത്തുകയായിരുന്നു ഹാഷിം. ഭക്ഷണം വിളമ്പിക്കൊടുത്ത ഹോട്ടലുടമയുടെ ബന്ധുവായ ചെറുപ്പക്കാരനെ മദ്യ ലഹരിയിൽ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടു തടയാൻ ശ്രമിച്ച ഹോട്ടൽ ഉടമയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു. ഹോട്ടലിനുള്ളിലും അടുക്കളയിലും കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടം വരുത്തിയ ശേഷം ഇയാൾ കാറിൽ രക്ഷപ്പെട്ടു. 2006 മുതൽ നൂറനാട്, അടൂർ, ശാസ്താംകോട്ട തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ 22 ഓളം കേസുകളിൽ പ്രതിയാണ്. ഹാഷിമിനെ കാപ്പാ നിയമ പ്രകാരം ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. സമയപരിധി കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഇയാൾ വീണ്ടും അക്രമം നടത്തിയത്. നൂറനാട് എസ്.ഐ എസ്.നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആദിക്കാട്ടുകുളങ്ങരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചു വന്ന കാറും കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര കോടതി രണ്ടിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |