ആലപ്പുഴ: ഹംഗറി പ്രധാനമന്ത്റി വിക്ടർ ഒർബാനും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി ആലപ്പുഴയിലെത്തി. ഭാര്യ അനിക്കോ ലിവായിക്കും രണ്ട് പെൺമക്കൾക്കും അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തിനുമൊപ്പം നെടുമുടിയിലെ ഹോട്ടലിൽ എത്തിയ അദ്ദേഹം, കുടുംബത്തോടൊപ്പം ഹൗസ് ബോട്ട് സവാരി നടത്തി. കുട്ടനാടിന്റെയും വേമ്പനാട്ട് കായലിന്റെയും സൗന്ദര്യം ആസ്വദിച്ച ഒർബാനും കുടുംബവും കരിമീനും കൊഞ്ചുമുൾപ്പെടെ കുട്ടനാടൻ വിഭവങ്ങളും ആസ്വദിച്ചു. രണ്ട് ദിവസം മുമ്പാണ് വിക്ടർ ഒർബാനും കുടുംബവും കൊച്ചി വിമാനത്താവളത്തിലെത്തിയത്.
സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ പ്രതിനിധികളാരും സ്വീകരിക്കാൻ എത്തിയിരുന്നില്ല. കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം നെടുമുടി പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥലത്ത് രഹസ്യനിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. മൂന്നാർ, തേക്കടി,കുമരകം എന്നിവിടങ്ങളിലെ സന്ദർശനത്തിന്ശേഷം ആലപ്പുഴയിലെത്തിയ ഒർബാനും കുടുംബവും ആലപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം 16ന് മടങ്ങും. പോളണ്ടും ഹംഗറിയും തമ്മിൽ ഉഭയകക്ഷി തർക്കങ്ങൾ രൂക്ഷമായതിനിടെയാണ് ഒർബാൻ കേരളത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |