
ന്യൂഡൽഹി: 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഗുഡ്ഗാവിലെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. 2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ താൻ തകർന്നുപോയെന്നും കളി തുടരാനുള്ള ഊർജ്ജം ശരീരത്തിൽ അവശേഷിക്കുന്നില്ലെന്ന് തോന്നിയതായും രോഹിത് പറഞ്ഞു.
'തിരിച്ചു വരാൻ കുറച്ച് സമയമെടുത്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണിതെന്നും ക്രിക്കറ്റ് എന്റെ മുന്നിൽ തന്നെയുണ്ടെന്നും അത്ര പെട്ടെന്നൊന്നും എനിക്കിത് ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ഞാൻ എന്നെത്തന്നെ പലപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ പതുക്കെയാണ് ആ പഴയ ഊർജ്ജം വീണ്ടെടുത്ത് മൈതാനത്ത് സജീവമായത്.
'ഞങ്ങളെല്ലാവരും വലിയ നിരാശയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. വ്യക്തിപരമായി എനിക്ക് അത് വലിയ ആഘാതമായിരുന്നു. കാരണം ലോകകപ്പിന് തൊട്ടുമുമ്പുള്ള രണ്ട് മൂന്ന് മാസത്തെ അധ്വാനം മാത്രമല്ല. 2022ൽ ക്യാപ്ടനായി ചുമതലയേറ്റത് മുതൽ ആ ലോകകപ്പിന് വേണ്ടിയാണ് ഞാൻ എന്റെ എല്ലാം നൽകിയത്.' രോഹിത് പറഞ്ഞു.
എന്നാൽ 2023 ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് പിന്നാലെ 2024ൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചു. പരാജയങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന വലിയ പാഠമാണ് 2023 ലോകകപ്പ് തനിക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |