
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്ഥാന് 'ദെെവത്തിന്റെ സഹായം' ലഭിച്ചുവെന്ന് പാകിസ്ഥാൻ സംയുക്ത സേനാ മേധാവി (ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് - സി ഡി എഫ്) അസിം മുനീർ. ഇസ്ലാമാബാദിൽ നടന്ന ദേശീയ ഉലമ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ തങ്ങളുടെ സേനയ്ക്ക് ദെെവിക ഇടപെടൽ ലഭിച്ചതായാണ് മുനീർ അവകാശപ്പെടുന്നത്. അത് തങ്ങൾക്ക് അനുഭവപ്പെട്ടുവെന്നും മുനീർ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു ഇന്ത്യയെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം നടന്നത്. മതം ചോദിച്ചു കൊണ്ട് 26 പേരെയാണ് വെടി വച്ചു കൊന്നത്. ഇന്ത്യൻ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞ നടപടിയെ അതേ നാണയത്തിൽ ഓപ്പറേഷൻ സിന്ദൂറെന്ന് പേരിട്ട് ഇന്ത്യ തിരിച്ചടിച്ചു. മേയ് ഏഴിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്തു.
പാകിസ്ഥാനിലെ സൈനിക താവളങ്ങൾ നശിപ്പിച്ചു. പാകിസ്ഥാന്റെ ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യൻ സേന ആകാശത്തു വച്ച് തകർത്തു. മേയ് 10നാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത്.
അതേസമയം, പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്‌തു നടപ്പാക്കിയതും പാക് ഭീകരസംഘടനകളായ ലഷ്കറെ ത്വയ്ബയും, അവരുടെ നിയന്ത്രണത്തിലുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടും (ടി.ആർ.എഫ്) ചേർന്നാണെന്ന് എൻഐഎ അടുത്തിടെ സമർപ്പിച്ച കുറ്രപത്രത്തിൽ വ്യക്തമാക്കുന്നു. പാക് പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികൾ, ഫോറൻസിക്-ഡിജിറ്റൽ തെളിവുകൾ എന്നിവയടക്കം ഉൾക്കൊള്ളുന്ന 1597 പേജുള്ള കുറ്റപത്രം ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |