തിരുവനന്തപുരം: താൽക്കാലിക ലാഭത്തിന് വേണ്ടി സംഘപരിവാർ സംഘടനകളെ വളർത്തുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് കേരളത്തിൽ നടത്തുന്നത്. ഈ വെല്ലുവിളി നേരിടുന്ന തലത്തിൽ പാർട്ടി പ്രവർത്തനങ്ങളെ കാലോചിതമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് കമ്മിറ്റിവരെയുള്ള പാർട്ടി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം. പാർട്ടി പ്രവർത്തകർ ജനങ്ങളുമായുള്ള ഇടപെടൽ വർദ്ധിപ്പിക്കണം. നിലവിൽ സി.പി.എമ്മിന്റെ ജനസ്വാധീനം കുറഞ്ഞുപോയിട്ടുണ്ട്. എല്ലാ നേതാക്കളും ജനങ്ങളോട് വിനയത്തോടെ പെരുമാറാൻ ശ്രദ്ധിക്കണമെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളർന്നുവരികയാണെന്നും ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
രാഷ്ട്രീയ രംഗത്തെ മാറ്റം പരിഗണിച്ച് കാലാനുസൃതമായ മാറ്റങ്ങൾ പ്രവർത്തനത്തിൽ വേണം. പാർട്ടി അംഗങ്ങളെ കഴിവുറ്റവരാക്കും. കേഡർമാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. ഇടതുപക്ഷ പ്രവർത്തകരെ അടർത്തിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പാർട്ടി അധികാര കേന്ദ്രമായി പ്രവർത്തിക്കാൻ പാടില്ലെന്നും സഖാക്കൾ ജനങ്ങളോടൊപ്പം നിൽക്കണമെന്നും കോടിയേരി വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |