കൊച്ചി: വർഷങ്ങളായി തടവിലുള്ള കുറ്റവാളികളെ മോചിപ്പിക്കുന്നതിൽ തീരുമാനമെടുക്കേണ്ട സംസ്ഥാനതല ജയിൽ ഉപദേശക സമിതി ചെയർമാനെ നിയമിക്കാൻ സാവകാശം തേടി സർക്കാർ. ഒരാഴ്ച അനുവദിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനുമടങ്ങിയ ഡിവിഷൻബെഞ്ച് വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി.
ഹൈക്കോടതി റിട്ട. ജഡ്ജിയെയാണ് ചെയർമാനായി നിയമിക്കേണ്ടത്. ഇത്തരം തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നത്.
സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെട്ട തടവുകാരെ സഹായിക്കാൻ രൂപീകരിച്ചിരിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയിക്കാനും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
മോചനത്തിന് അർഹതയുള്ള തടവുകാരെ കണ്ടെത്താൻ നടപടി തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനതല മോണിറ്ററിംഗ് സമിതിയുടെ പരിഗണനയിൽ 478 അപേക്ഷകളാണുള്ളത്. ഇതിൽ 37 എണ്ണം മാത്രമാണ് പരിഗണിച്ചത്. ചെയർമാൻ ഇല്ലാത്തതിനാലാണ് അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്തത്.
എ.ഐ.ടി.യു.സി സെക്രട്ടേറിയറ്റ് മാർച്ച്17ന്
തിരുവനന്തപുരം: തൊഴിലും വേതനവും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ 17ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
മിനിമം വേതനം ഉൾപ്പെടെയുള്ള തൊഴിൽ നിയമങ്ങൾ റദ്ദാക്കി തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ബോണസ്, പ്രസവകാല അവധി ആനുകൂല്യങ്ങൾ, പെൻഷൻ തുടങ്ങിയ നിയമപരമായി അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്നും ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നും എ.ഐ.ടി. യു. സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |