തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ഫ്ളക്‌സ് സ്ഥാപിച്ച സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ കോർപറേഷന്റെ പരാതിയിൽ കേസ്. കേരള സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അനധികൃതമായി മുഖ്യമന്ത്രിയുടെ ചിത്രമുള്ള വലിയ ഫ്ളക്‌സ് ബോർഡ് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. കേരള സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ ആണ് ഫ്ളക്‌സ് സ്ഥാപിച്ചിരുന്നത്. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടന തന്നെ സർക്കാർ ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യ പ്രവർത്തനം ചെയ്‌തിരിക്കുകയാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ബോർഡ് വച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്നും ഇവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഒരാഴ്‌ചയ്‌ക്കകം സർക്കാർ അറിയിക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
ഫ്ളക്‌സ് തയ്യാറാക്കിയ പരസ്യ ഏജൻസി, അത് പ്രിന്റ് ചെയ്‌തവർ എന്നിവർക്കെതിരെയും നടപടി വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പൊതുനിരത്തിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തും വിധമാണ് ഫ്ളക്‌സ് സ്ഥാപിച്ചിരുന്നതെന്ന് അമിക്യസ് ക്യൂറി ഹരീഷ് വാസുദേവൻ അറിയിച്ചു. ഫ്ളക്‌സ് വച്ചതിന് ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കണമെന്ന് ഡിജിപിയോടും കോടതി ആവശ്യപ്പെട്ടു.
കട്ടൗട്ടും ഫ്ളക്‌സും സ്ഥാപിക്കുന്നത് നീക്കുന്ന നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽതന്നെ അസോസിയേഷൻ ഫ്ളക്‌സ് സ്ഥാപിച്ചത്. ഇത് നീക്കണമെന്ന് കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും കെഎസ്ഇഎ ഭാരവാഹികൾ തയ്യാറായില്ല. ഇക്കാര്യം കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് സ്വന്തംനിലയ്‌ക്കാണ് ഫ്ളക്‌സ് നീക്കിയതെന്നും കോർപറേഷൻ അധികൃതർ അറിയിച്ചപ്പോൾ കോടതി അഭിനന്ദിച്ചു.
ഫ്ളക്‌സ് സ്ഥാപിച്ചവരിൽ നിന്നും നീക്കംചെയ്യാൻ എത്രരൂപ കോർപറേഷൻ ചെലവായെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. 'സർക്കാർ ഉദ്യോഗസ്ഥരാണ് ബോർഡ് വച്ചതെങ്കിൽ നടപടിയെടുക്കണം. നിയമലംഘനത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ധാർമ്മികമായ ഉത്തരവാദിത്തം നഷ്‌ടമാകും. ഇത്തരമൊരു ഉത്തരവുണ്ടെന്ന് ലോകംമുഴുവനറിയാം. എന്നിട്ടും ഈ ഫ്ളക്‌സ് സ്ഥാപിച്ചവർക്ക് അതിന് എങ്ങനെയാണ് ധൈര്യംവന്നത്.' കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |