കോട്ടയം: ജില്ലയിൽ കുറഞ്ഞ ചിലവിൽ വ്യാപകമായി ചെയ്തുകൊണ്ടിരുന്ന ഞാലിപ്പൂവൻ വാഴക്കൃഷി തകർക്കാൻ തമിഴ്നാട് ലോബി. നിലവാരം കുറഞ്ഞ വിത്തു നൽകിയാണ് കേരളത്തിലെ കബിളിപ്പിക്കുന്നത്. ഉത്പാദനം കുറഞ്ഞതോടെ നിരവധി പേർ കൃഷിയിൽ നിന്ന് പിൻവാങ്ങി. പരിപാലന ചിലവ് കുറവായതുകൊണ്ടും എല്ലാ സമയത്തും വിപണിയിൽ ആവശ്യക്കാർ ഉള്ളതിനാലുമാണ് ഞാലിപ്പൂവൻ കൃഷി വ്യാപകമായിരുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന വിത്തുകൾ നട്ട് മാസങ്ങൾക്കുള്ളിൽത്തന്നെ കരിഞ്ഞുപോകുന്ന സ്ഥിതിയാണ്. കുലയിട്ടതിന് പിന്നാലെ പിണ്ടി ഒടിഞ്ഞ് നശിക്കുന്ന അവസ്ഥയുമുണ്ട്.
ഇരട്ടിത്തൂക്കം, പക്ഷേ?
എല്ലാ സമയത്തും വിപണിയിൽ 40 രൂപയ്ക്ക് മുകളിൽ വില ഞാലിപ്പൂവൻ പച്ച കായ്ക്ക് ഉണ്ടായിരുന്നു. സാധാരണ ഗതിയിൽ ജനുവരി മുതൽ മെയ് വരെ 100 രൂപ വരെ ഞാലിപ്പൂവൻ പഴത്തിനും വില ലഭിച്ചിരുന്നു. നാടൻ കുലകളേക്കാൾ തൂക്കം കൂടുതൽ ലഭിക്കുമെന്നതിനാലാണ് കേരളത്തിലെ കർഷകർ തമിഴ്‌നാട്ടിൽ നിന്ന് വിത്ത് എത്തിച്ച് കൃഷിയിറക്കാൻ തുടങ്ങിയത്. വരവ് കുലകൾക്ക് 15 മുതൽ 18 കിലോ ഗ്രാം വരെയാണ് തൂക്കം. നാടൻ കുലകൾക്ക് 10 കിലോയിൽ താഴെ മാത്രമേ തൂക്കം ലഭിക്കൂ. എന്നാൽ തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന വിത്തുകളിൽ ഏറിയപങ്കും നിലവാരം കുറഞ്ഞതായതോടെ കേരളത്തിലെ കർഷകരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു.
ഗുണനിലവാരമുള്ള ഞാലിപ്പൂവൻ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണം. അന്യസംസ്ഥാന ലോബിയുടെ ചൂഷണശ്രമങ്ങളെ ഇല്ലാതാക്കണം. (എബി ഐപ്പ്, കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |