കൊച്ചി: ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും കടുത്ത വെല്ലുവിളി സൃഷ്‌ടിച്ച് സ്വർണ പണയ വായ്പകളിലെ കിട്ടാക്കടം കുത്തനെ കൂടുന്നു. കഴിഞ്ഞ വർഷം ജൂൺ വരെ സ്വർണം ഈടായി നൽകിയവരിൽ 30 ശതമാനം പേർ തിരിച്ചടവ് മുടക്കി വായ്പ കിട്ടാക്കടമാക്കിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കണക്കുകളനുസരിച്ച് സ്വർണ പണയ മേഖലയിലെ നിഷ്ക്രിയ ആസ്‌തി ജൂൺ വരെയുള്ള കാലയളവിൽ 6,696 കോടി രൂപയായാണ് ഉയർന്നത്. മൂന്ന് മാസം മുൻപ് കിട്ടാക്കടം 5,149 കോടി രൂപയായിരുന്നു. വാണിജ്യ ബാങ്കുകൾ നൽകിയ സ്വർണ പണയ വായ്പകളിലെ കിട്ടാക്കടം ഇക്കാലയളവിൽ 62 ശതമാനം ഉയർന്ന് 2,445 കോടി രൂപയിലെത്തി. മാർച്ചിൽ സ്വർണ വായ്പകളിലെ കിട്ടാക്കടം 1,513 കോടി രൂപയായിരുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണ വായ്പകളിലെ തിരിച്ചടവിലെ മുടക്കം 24 ശതമാനം മാത്രമാണ്.
സ്വർണ വിലയിലുണ്ടായ കുതിപ്പ് കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് അധിക വായ്പ അനുവദിച്ചതാണ് വിനയായതെന്ന് ബാങ്കിംഗ് രംഗത്തുത്തള്ളവർ പറയുന്നു.
സാമ്പത്തിക മേഖലയിലെ തളർച്ചയും വിലക്കയറ്റം ഉപഭോക്താക്കളുടെ ജീവിത ചെലവ് വർദ്ധിപ്പിച്ചതും സ്വർണ പണയ വിപണിയിൽ കിട്ടാക്കടം കൂട്ടുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കുടുംബ ബഡ്‌ജറ്റ് നിലനിറുത്താനും ആരോഗ്യ, വിദ്യാഭ്യാസ ചെലവുകൾ നിർവഹിക്കാനുമാണ് സ്വർണ പണയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. ലളിതമായ നടപടി ക്രമങ്ങളോടെ അതിവേഗം പണം ലഭ്യമാകുമെന്നതാണ് പ്രധാന ആകർഷണം. എന്നാൽ തിരിച്ചടവ് സമയത്ത് പുതിയ ബാദ്ധ്യതകൾ വരുന്നതോടെ പണം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതാണ് പ്രശ്നമാകുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |