കോഴിക്കോട്: എയർ ഹോൺ മുഴക്കി നിരത്തിൽ ചീറിപ്പായുന്ന സ്വകാര്യ ബസുകൾക്ക് കടിഞ്ഞാണിടാൻ ഗതാഗതവകുപ്പ് നടപടി കടുപ്പിക്കുമ്പോഴും മത്സരയോട്ടത്തിന് അറുതിയില്ല. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ബസുകളിലാണ് യാത്രക്കാരുടെ ജീവന് പുല്ല് വില കൽപ്പിച്ച് ജീവനക്കാർ തന്നിഷ്ടം കാണിക്കുന്നത്. അപകടം കൺമുന്നിൽ കാണുമ്പോഴും വേഗത കുറയ്ക്കില്ലെന്ന വാശിയിലാണ് ഇക്കൂട്ടർ. ചെറുവാഹനങ്ങളെ ഗൗനിക്കാതെ ഓവർടേക്ക് ചെയ്യുന്നതും സ്ഥിരം.
ബാലുശ്ശേരി - കോഴിക്കോട്, കോഴിക്കോട് - കൊയിലാണ്ടി - കണ്ണൂർ, കുറ്റ്യാടി - പേരാമ്പ്ര-നാദാപുരം - രാമനാട്ടുകര - ഫറോക്ക് - കുന്ദമംഗലം - താമരശ്ശേരി എന്നിവിടങ്ങളിലാണ് ബസുകളുടെ മത്സരയോട്ടം രൂക്ഷം. ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി. ബസുമായിട്ടാണ് മത്സരം. മറ്റു വാഹനങ്ങളെ തഴഞ്ഞ് ഭീകരമായി ഹോൺ മുഴക്കിയും സൈഡ് നൽകാതെയും അപകടകരമായ രീതിയിലാണ് സർവീസ് നടത്തുന്നത്. നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് അടുത്തിടെയായി നഗരത്തിൽ നടന്നത്. സിറ്റിയിൽ സർവീസ് നടത്തുന്ന ബസുകളേക്കാൾ ദീർഘദൂര ബസുകളാണ് മത്സരയോട്ടത്തിൽ മുൻപന്തിയിൽ. ബാലുശ്ശേരി റൂട്ടിൽ രാത്രി ഏഴ് മണി കഴിഞ്ഞാൽ വാഹനങ്ങൾ കുറയും. ഈ സമയങ്ങളിൽ വരുന്ന ബസുകൾ മിന്നൽ വേഗതയിലാണ് പോവുന്നത്. ലാസ്റ്റ് ട്രിപ്പാണെങ്കിൽ പോലും വേഗതയ്ക്ക് കുറവില്ല. അപകടവളവുകളിൽ പോലും ഡ്രെെവർമാർ ശ്രദ്ധ പുലർത്താറില്ല. പലപ്പോഴും അപകടം സംഭവിക്കുന്നത് ഇത്തരം വളവുകളിലാണ്. അതിവേഗം നിയന്ത്രിക്കുന്നതിനായി സ്ഥാപിക്കുന്ന വേഗപ്പൂട്ട് പോലും അഴിച്ച് വെച്ചാണ് യാത്ര.
പല ന്യായങ്ങൾ
യാത്രക്കാർ കയറുന്നതിനുമുൻപ് ബെല്ലടിച്ചു വിടുക, സമയം കഴിഞ്ഞതായി പറഞ്ഞ് സ്റ്റോപ്പുകളിൽ ബസ് നിർത്താതിരിക്കുക, നടുറോഡിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇവരുടെ രീതി.ഇതിനെ തുടർന്ന് ബസിനകത്ത് ജീവനക്കാരുമായി വാക്കുതർക്കവും ഉണ്ടാകാറുണ്ട്. സമയത്തെത്താനുള്ള ബസുകളുടെ ഓട്ടമാണ് പലപ്പേഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പുകളിലും ബസുകൾ എത്തുന്നതിന് കൃത്യമായ സമയമുണ്ട്. ചെറിയൊരു ട്രാഫിക്ക് ബ്ലോക്കിൽപെട്ടാൽ പോലും സമയം തെറ്റും. ഇത് മറിക്കടക്കാനാണ് അമിത വേഗത കൂട്ടുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. അമിതവേഗം കാരണം പലപ്പോഴും യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലങ്ങളിൽ പോലും ഇറങ്ങാൻ സാധിക്കാറില്ല. ഇതിനിടയിൽ ഇരുചക്ര വാഹനങ്ങളെങ്ങാനും മുമ്പിൽപെട്ടാൽ കാതടപ്പിക്കുന്ന ഹോൺമുഴക്കും. ബസുകൾക്ക് വഴിമാറിയില്ലെങ്കിൽ ജീവഹാനി ഉറപ്പാണ്.
പരിശോധന ശക്തം
റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ ഗതാഗതവകുപ്പ്. അപകടമേഖലകളിലും ബ്ലാക്ക് സ്പോട്ടുകളിലും ജില്ലയിൽ മോട്ടോർവാഹനവകുപ്പിന്റേയും പൊലീസിന്റേയും പ്രത്യേക ഡ്രെെവ് പുരോഗമിക്കുകയാണ്. ബസുകളിൽ ജിയോ ടാഗ് സംവിധാനം ഉടൻ പ്രാപല്യത്തിൽ വരും. ബ്ലാക്ക് സ്പോട്ടുകളിൽ ഡിവെെഡറുകളും ഫ്ലാഷ് ലെെറ്റ് സംവിധാനവും നിലവിൽ വരും. സ്വകാര്യ ബസുകൾ ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് സസ്‌പെൻഡ് ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ട് ആളുകൾക്ക് മാരകമായ പരിക്ക് സംഭവിച്ചാൽ 3 മാസം പെർമിറ്റ് റദ്ദാക്കും.
പരാതി അറിയിക്കാം
സ്വകാര്യബസുകളുടെ അമിത വേഗതയെക്കുറിച്ച് യാത്രക്കാർക്ക് പരാതിപ്പെടാം. മോട്ടോർ വാഹനവകുപ്പിന്റെ പരാതി പരിഹാര നമ്പരിലോ (9188 961100) ജില്ലാ ആർ.ടി.ഒ ഓഫീസറുടെ നമ്പരിലോ വാട്സാപ്പ് ചെയ്താൽ മതി. പരാതി നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായിരിക്കും.
'' ബസുകളുടെ മത്സരയോട്ടം കുറയ്ക്കാൻ കർശന പരിശോധനയാണ് നടത്തുന്നത് ''
പി.എ നസീർ, ആർ.ടി.ഒ കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |