എഴുകോൺ: സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ബുള്ളറ്റ് ഇടിച്ചുവീഴ്ത്തിയിട്ടും കുപ്രസിദ്ധ കുറ്റവാളി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ആലപ്പുഴ എടത്വ ലക്ഷം വീട്ടിൽ വിനീതാണ് (വടിവാൾ വിനീത്) കൊല്ലം ജില്ലയിലെമ്പാടും പൊലീസ് വിരിച്ച വല ഭേദിച്ച് നാടകീയമായി രക്ഷപ്പെട്ടത്ത്.
കൺട്രോൾ റൂം പൊലീസ് ദേശീയപാതയിൽ എഴുകോൺ ജംഗ്ഷനിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ബുള്ളറ്റ് ഇടിച്ചുവീഴ്ത്തിയത്. എന്നാൽ വിനീത് ഓടി രക്ഷപ്പെട്ടു. എഴുകോൺ, കുണ്ടറ, കൊട്ടാരക്കര, പൂയപ്പള്ളി, കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വൻ പൊലീസ് സന്നാഹം എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുലർച്ചെ മൂന്നിന് മോഷ്ടിച്ച ബൈക്കിൽ ചവറ പൊലീസിന് മുന്നിൽപ്പെട്ട ശേഷം ഓടി രക്ഷപ്പെട്ട ഇയാൾ അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് എഴുകോണിലെത്തിയത്.
സ്റ്റേഷനിലെത്തി ബോംബിടുമെന്ന് ഭീഷണി
ഇന്നലെ പുലർച്ചെ മൂന്നിന് ചവറ കന്നേറ്റി പാലത്തിന് സമീപത്ത് വച്ചാണ് വിനീത് പൊലീസിന് മുന്നിൽ പെട്ടത്
തട്ടുകടയിൽ വിനീതും മറ്റൊരാളും ഒരു യുവതിയും നിൽക്കുന്നത് കണ്ടാണ് ചവറ പൊലീസ് പട്രോളിംഗ് സംഘം പരിശോധിക്കുന്നത്
വിനീതിന്റെ ബൈക്കിന്റെ നമ്പർ കാറിന്റെ നമ്പരാണെന്ന് തിരിച്ചറിഞ്ഞു
ഇതോടെ പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു
സഹോദരിയും അവരുടെ ഭർത്താവുമാണ് ഒപ്പമുണ്ടായിരുന്നത്
ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ 4.50 ഓടെ വിനീത് ഒരു ബുള്ളറ്റിൽ വീണ്ടും സ്റ്റേഷൻ പരിസരത്തെത്തി
വാളെടുത്ത് വീശി സഹോദരിക്കും ഭർത്താവിനുമെതിരെ കേസെടുത്താൽ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്നും ഭീഷണി
പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു
ചിന്നക്കടയിൽ പരിശോധന നടത്തുന്നതിനിടെ പ്രതി കൊട്ടാരക്കര ഭാഗത്തേക്ക് കടന്നു
ലൊക്കേഷൻ പിന്തുടർന്ന കൺട്രോൾ റൂം പൊലീസ് അമ്പലത്തുംകാല ഭാഗത്തെത്തി തെരച്ചിൽ നടത്തിയ ശേഷം വീണ്ടും എഴുകോണിലേക്ക് മടങ്ങി
ഇതിനിടയിൽ എതിർ ദിശയിലേക്ക് പ്രതി കടന്നുപോയി
പൊലീസ് വാഹനം വെട്ടിത്തിരിച്ച് പിന്തുടർന്ന് ഇടിച്ചുവീഴ്ത്തി
ഞൊടിയിടയിൽ ചാടിയെഴുന്നേറ്റ വിനീത് സമീപത്തെ ഊടുവഴിയിലെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |