ഫൈനലിൽ റയൽ മാഡ്രിഡിനെ 5-2ന് തോൽപ്പിച്ച് ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്
ജിദ്ദ : സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാർ തമ്മിലുള്ള എൽ ക്ളാസിക്കോ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളായി. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഫൈനലിൽ ആദ്യ ഗോളടിച്ചത് റയലായിരുന്നെങ്കിലും ആദ്യ പകുതിയിൽ തന്നെ 4-1ന് ലീഡ് ചെയ്ത ബാഴ്സ രണ്ടാം പകുതിയിൽ ഗോൾ കീപ്പറെ ചുവപ്പുകാർഡിലൂടെ നഷ്ടമായെങ്കിലും വിജയം വിട്ടുകൊടുത്തില്ല.
ഇരട്ട ഗോളുകൾ നേടിയ നായകൻ റഫീഞ്ഞയും ഓരോ ഗോളടിച്ച ലാമിൻ യമാലും റോബർട്ട് ലെവാൻഡോവ്‌സ്കിയും അലജാൻഡ്രോ ബാൾഡേയും ചേർന്നാണ് ബാഴ്സയ്ക്ക് ഗംഭീര വിജയമൊരുക്കിയത്. കളിയുടെ അഞ്ചാം മിനിട്ടിൽതന്നെ കിലിയൻ എംബാപ്പെയിലൂടെ റയൽ മുന്നിലെത്തിയിരുന്നു. എന്നാൽ പിന്നീട് അവർക്ക് ഗോളടിക്കാനായത് 60-ാം മിനിട്ടിൽ ബാഴ്സ ഗോളി ഷദെസ്നി എംബാപ്പെയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിലൂടെയാണ്. ഈ ഫൗളിന് ഷദെസ്നി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് ബാഴ്സ കളി പൂർത്തിയാക്കിയത്. എന്നിട്ടും റയലിന് സ്കോർ ഉയർത്താനായില്ല.
ഏഴു ഗോളുകൾ കണ്ട കളി
5-ാം മിനിട്ടിൽ വിനീഷ്യസിന്റെ ക്രോസിൽനിന്ന് എംബാപ്പെ നേടിയ ഗോളിലൂടെ റയലാണ് ആദ്യം അക്കൗണ്ട് തുറന്നത്.
22-ാം മിനിട്ടിൽ ലെവാൻഡോവ്സ്കിയുടെ പാസിൽ നിന്ന് ലാമിൻ യമാൽ കളി സമനിലയിലാക്കി.
36-ാം മിനിട്ടിൽ ലെവാൻഡോവ്സ്കി പെനാൽറ്റി ഗോളാക്കി ബാഴ്സയെ മുന്നിലെത്തിച്ചു.
39-ാം മിനിട്ടിൽ കൗണ്ടേയുടെ ക്രോസിൽ നിന്ന് റഫീഞ്ഞ ബാഴ്‌സയുടെ ലീഡുയർത്തി
45+10-ാം മിനിട്ടിൽ ബാൾഡേയും സ്കോർ ചെയ്തതോടെ ബാഴ്സ 4-1ന് ഇടവേളയ്ക്ക് പിരിഞ്ഞു.
48-ാം മിനിട്ടിൽ റഫീഞ്ഞ തന്റെ രണ്ടാം ഗോളും നേടി ബാഴ്സയെ 5-1ന് മുന്നിലെത്തിച്ചു.
60-ാം മിനിട്ടിൽ റൊഡ്രിഗോയുടെ ഫ്രീ കിക്കിലൂടെ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ടാം ഗോളും നേടി.
15
ഏറ്റവും കൂടുതൽ തവണ സ്പാനിഷ് സൂപ്പർ കോപ്പ സ്വന്തമാക്കുന്ന ടീമാണ് ബാഴ്സലോണ.
1
പരിശീലകൻ ഹാൻസി ഫ്ളിക്കിന് കീഴിൽ ബാഴ്സ നേടുന്ന ആദ്യ കിരീടം.
102
എൽ ക്ളാസിക്കോയിൽ ബാഴ്സയുടെ 102-ാം വിജയം. റയൽ 105 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. 257 എൽ ക്ളാസിക്കോകളിൽ 52 എണ്ണം മാത്രമേ സമനിലയിൽ പിരിഞ്ഞിട്ടുള്ളൂ.
4-0
ഒക്ടോബറിൽ നടന്ന ലാ ലിഗയിലെ എൽ ക്ളാസിക്കോയിൽ ബാഴ്സ റയലിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 4-0ത്തിന് തോൽപ്പിച്ചിരുന്നു. മേയ് 11നാണ് ലാ ലിഗയിലെ അടുത്ത എൽ ക്ളാസിക്കോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |