ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മോദി സ്തുതിയുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ.
ഐ.എൻ.എക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രി പി. ചിദംബരത്തിനു വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വിയാണ് മോദിയെ അനുകൂലിച്ച് ട്വിറ്രറിൽ പോസ്റ്റിട്ടത്. മോദിയെ എപ്പോഴും പൈശാചികവത്കരിക്കുന്നതു തെറ്റാണ്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായതുകൊണ്ടു മാത്രമല്ല, ആരോപണങ്ങൾ അദ്ദേഹത്തെ സഹായിക്കുക മാത്രമാണ് ചെയ്യുക. വ്യക്തികളല്ല പ്രവൃത്തികളാണ് വിമർശനത്തിനു പാത്രമാകേണ്ടതെന്നും സിംഗ്‌വി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ നൽകുന്ന ഉജ്ജ്വൽ യോജന പദ്ധതി മികച്ചതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആറു വർഷത്തിലധികമായി താൻ മോദിയെ വിമർശിക്കുന്നുണ്ടെന്നും, എന്നാൽ ശരി ചെയ്‌താൽ അതിനെ അഭിനന്ദിക്കണമെന്നും ശശി തരൂർ എം.പി പറഞ്ഞു. എങ്കിലേ വിമർശനത്തിന് വിലയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ അഞ്ചു വർഷം അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്ത കാര്യങ്ങൾ അംഗീകരിക്കാനുള്ള സമയമായെന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ജയറാം രമേശ് പറഞ്ഞത്. അതുകൊണ്ടാണ് വീണ്ടും 30 ശതമാനം ജനങ്ങളുടെ പിന്തുണയോടെ മോദി അധികാരത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |