തിരുവനന്തപുരം: വനം നിയമ ഭേദഗതി തുടങ്ങിയത് യുഡിഎഫ് സർക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതിയെ സംബന്ധിച്ച് ഒട്ടേറെ ആശങ്കകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'1961ലെ കേരള വനം നിയമത്തിന്റെ ഇപ്പോൾ പറയുന്ന ഭേദഗതി നിർദേശങ്ങൾ ആരംഭിച്ചത് 2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. മനഃപൂർവ്വം വനത്തിൽ കടന്നുകയറുക, വനമേഖലയിലൂടെ സഞ്ചരിക്കുക, വാഹനം നിർത്തുക തുടങ്ങിയവ കുറ്റകരമാക്കുന്നതാണ് ഭേദഗതി. അതിന്റെ തുടർനടപടികളാണ് പിന്നീടുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ സർക്കാർ മുന്നോട്ടുപോകില്ല.
കർഷകർ, മലയോര മേഖലയിൽ താമസിക്കുന്നവർ എന്നിവരുടെ ന്യായമായ താത്‌പര്യത്തിനെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്നതാണ് സർക്കാരിന്റെ നിലപാട്. വനസംരക്ഷണ നിയമത്തിലും ഇതാണ് സർക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അതിനാൽ തന്നെ വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് മാത്രം സാധിക്കുന്നതല്ല.
വന്യ ജീവി ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നും മലപ്പുറം ജില്ലയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉച്ചക്കുളത്തെ സരോജിനി കാട്ടില്‍ ആടുമേയ്ക്കാന്‍ പോയപ്പോള്‍ ആക്രമണത്തിനിരയായി എന്നാണ് പ്രാഥമിക വിവരം. സരോജിനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളതാണ്. അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല. ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്.
മേല്‍ സാഹചര്യങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിന്‍ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ കര്‍ശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ തയാറാകണം'- മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |