കോഴിക്കോട്: മാലിന്യത്തിൽ നിന്ന് രക്ഷയില്ലാതെ മാമ്പുഴ. നാട്ടുകാരുടെ കണ്ണൊന്ന് തെറ്റിയാൽ മതി മാലിന്യം നിക്ഷേപിക്കാൻ ഇരുട്ടിന്റെ മറവിൽ ലോറികളെത്തും. കഴിഞ്ഞദിവസം രാവിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാമ്പുഴയിൽ ചേരുന്ന കുന്ദമംഗലം പഞ്ചായത്തിലെ പെരിങ്ങളും റോഡിലെ മാമ്പുഴയിലേക്കുള്ള കൈവഴിയിൽ ശുചിമുറി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ദുർഗന്ധം പടരാതിരിക്കാൻ മാലിന്യത്തിൽ രാസപദാർത്ഥം കലർത്തിയെന്നും ഇത് പുഴയിലേക്ക് പടർന്നതാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊന്താൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
മാലിന്യം ഒഴുക്കിയതായി കണ്ടെത്തിയ സ്ഥലത്തെ ചെടികളും മറ്റും കരിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിലും ഫിഷറീസ് വകുപ്പിലും ദുരന്തനിവാരണ അതോറിറ്റിയിലും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്നും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപുഴയിലും ചാലിയാറിലും ചേരുന്ന മാമ്പുഴയുടെ ഒഴുക്ക് നിലച്ചിട്ട് കാലങ്ങളായി. അറവുമാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് ദുർഗന്ധം പേറുന്ന ഇവിടേക്ക് അധികൃതരും എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാമ്പുഴ നവീകരണത്തിന്റെ ഒന്നാം ഘട്ടം 2019 ൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കാനും നിക്ഷേപിക്കാനും സ്ഥലമില്ലാതെ വന്നതോടെ പദ്ധതി നിലക്കുകയായിരുന്നു.
'' പെരുവയൽ ഗ്രാമപഞ്ചായത്ത് 'മിഷൻ തെളിമ' പദ്ധതിയിലൂടെ ജലസ്രോതസുകളുടെ ശുചീകരണ പ്രവർത്തി നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കുറ്റിക്കാട്ടൂർ മാമ്പുഴയിലേക്ക് മലിനജലം ഒഴുക്കി വിട്ട് ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങിയിട്ടുള്ള അവസ്ഥ ഉണ്ടായിട്ടുള്ളത് ''
- അനീഷ് പാലാട്ട് ( പെരുവയൽ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |