ആലപ്പുഴ: റോഡപകടങ്ങളും ജീവഹാനിയും തടയാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ആരംഭിച്ച സംയുക്ത പരിശോധന ( ജോയിന്റ് ആക്ഷൻ പൊലീസ് ആന്റ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. JAPAM) കുറഞ്ഞതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ റോഡപകടങ്ങൾ വർദ്ധിച്ചു. ഇന്നലെ രാവിലെ തുറവൂർ എൻ.സി.സി കവലയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ കടക്കരപ്പള്ളി സ്വദേശി ഷിതിൻ തങ്കച്ചൻ മരണമടഞ്ഞതുൾപ്പെടെ കഴിഞ്ഞ മൂന്നുദിവസത്തിനകം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേരാണ് മരിച്ചത്.
മകരവിളക്കുത്സവത്തിന്റെ ഭാഗമായുളള സേഫ് സോൺ പദ്ധതിക്കായി മോട്ടോർ വാഹനവകുപ്പ് സ്ക്വാഡുകൾ ശബരിമല റൂട്ടുകളിലേക്ക് പരിശോധനകൾ വ്യാപിപ്പിച്ചതോടെ ജില്ലയിലെ പരിശോധനകളിൽ അയവുവന്നതിന് പിന്നാലെയാണ് അപകടവും മരണനിരക്കും വർദ്ധിച്ചത്.കളർകോട് അപകടത്തിന് പിന്നാലെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധനകൾ ശക്തമാക്കിയതിനാൽ ക്രിസ്മ്സ് - ന്യൂ ഇയർ സീസണിൽ അപകടങ്ങൾ കുറഞ്ഞിരുന്നു.
അപകടങ്ങൾ
ജനുവരി......1
തുറവൂരിൽ പട്ടണക്കാട് ക്ഷേത്രത്തിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വാരനാട് വേങ്ങയിൽ രതി(60) മരിച്ചു.
ജനുവരി 12
കുമ്പളം പാലത്തിന് സമീപം കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വാഴത്തുവീട്ടിൽശശി (63) മരണമടഞ്ഞു
സ്കൂട്ടർ ബാരിക്കേഡിൽ തട്ടി തലവടി വെള്ളക്കിണർ ആനച്ചേരിൽപ്രവീൺ (24) മരണമടഞ്ഞു
ജനുവരി 13
വാനിനടിയിൽപ്പെട്ട് രാമങ്കരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ എ.സിസോളനി റോഡിൽ കുന്നത്തുംപറമ്പ് പങ്കജാക്ഷൻ (53) മരണമടഞ്ഞു.
ദേശീയപാതയിലുൾപ്പെടെയുള്ള സംയുക്ത പരിശോധനകൾ അപകടങ്ങൾ കുറയ്ക്കാൻ സഹായകമായിരുന്നു. മകരവിളക്കിന് ശേഷം ജില്ലയിൽ വീണ്ടും പരിശോധനകൾ ശക്തമാക്കും
- മോട്ടോർ വാഹന വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |