തിരുവനന്തപുരം: വകുപ്പു തല പരീക്ഷ പാസാകാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി സ്ഥാനക്കയറ്റം നൽകിയ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ, സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്താൻ വനം വകുപ്പിൽ നീക്കം. സ്ഥാനക്കയറ്റത്തിന് നിർബന്ധിത വകുപ്പുതല പരീക്ഷ പാസാകണമെന്ന വ്യവസ്ഥയിൽ 'നിർബന്ധിതം" എന്ന വാക്ക് ഒഴിവാക്കാനാണ് ആലോചന. അഡി. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നേതൃത്വത്തിൽ ചേർന്ന വനംവകുപ്പിലെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
2010ൽ നിലവിൽവന്ന റൂൾ പ്രകാരം 3 വകുപ്പുതല പരീക്ഷകളും 9 മാസത്തെ വിജയകരമായ പരിശീലനവും പൂർത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മാത്രമേ എസ്.എഫ്.ഒമാരായി സ്ഥാനക്കയറ്റം നൽകാവൂയെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി ശരി വച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ പുനഃപരിശോധന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് വനംവകുപ്പിന്റെ രഹസ്യനീക്കം. എന്നാൽ, ഇക്കാര്യത്തിൽ തിടുക്കത്തിൽ നടപടിയിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം. പുനഃപരിശോധന ഹർജിയിൽ ഹൈക്കോടതിടെ വിധി വന്നതിന് ശേഷമാകും തുടർനടപടി
ചട്ടം പാലിച്ചില്ല
1962ലെ സ്‌പെഷ്യൽ റൂൾ 2010ൽ ഭേദഗതി ചെയ്താണ് വകുപ്പുതല പരീക്ഷ നിർബന്ധിതമാക്കിയത്. എന്നാൽ, വനംവകുപ്പ് കൊണ്ടുവന്ന ചട്ടം നടപ്പാക്കാൻ 15 വർഷമായിട്ടും കഴിഞ്ഞിട്ടില്ല. അതിനുശേഷവും യോഗ്യത നേടാത്ത പലരെയും എസ്.എഫ്.ഒമാരായും ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായും റേഞ്ച് ഓഫീസർമാരായും സ്ഥാനക്കയറ്റം നൽകി. ഇതാണ് കെ.എ.ടിയും ഹൈക്കോടതിയും വിലക്കിയത്. ഇതേത്തുടർന്ന് യോഗ്യത നേടാത്തവരുടെ സ്ഥാനക്കയറ്റം റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കാൻ ഭരണവിഭാഗം എ.പി.സി.സി.എഫ് അഞ്ച് സർക്കിളുകളിലെയും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് സർക്കുലർ അയച്ചെങ്കിലും നടപടിയെടുക്കുന്നത് നീട്ടി.ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ നിലവിലുള്ള 1500ലധികം ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കേണ്ടിവരുമെന്നും അത് നാണക്കേടുണ്ടാക്കുമെന്നുമാണ് വനംവകുപ്പിന്റെ വാദം. സ്ഥാനക്കയറ്റം നൽകിയതിനെ തുടർന്ന് നൽകിയ ശമ്പള വർദ്ധനവും ആനുകുല്യങ്ങളും തിരിച്ചുപിടിക്കാനാവില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് റൂൾ ഭേദഗതിയെ കുറിച്ച് ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |