തൃശൂർ: സംഭവിച്ച കാര്യങ്ങളിൽ നിരുപാധികം മാപ്പ് പറയുന്നു. ഹൈക്കോടതിയോട് അങ്ങേയറ്റം ബഹുമാനം മാത്രം. ഇനി ദ്വയാർത്ഥ പ്രയോഗങ്ങൾ ഉണ്ടാകില്ല- ജയിൽ മോചിതനായ ബോബി ചെമ്മണൂർ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതിക്ക് സമീപം പടക്കം പൊട്ടിക്കാനെത്തിയവരുമായി യാതൊരു ബന്ധവുമില്ല. ജയിലിൽ വരരുതെന്ന് ബോചെ ഫാൻസ് കോ ഓഡിനേറ്റർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. പുറത്തുവന്നശേഷം കാണാമെന്നും പറഞ്ഞിരുന്നു. എന്നിട്ടും ജയിലിലേക്ക് വന്നത് ആരാണെന്നറിയില്ല. ഒരാളെയും വേദനിപ്പിക്കാനായി മനഃപൂർവ്വം ഒന്നും പറഞ്ഞിട്ടില്ല. കോടതിയെ അവഹേളിച്ചിട്ടുമില്ല.
റിലീസിംഗ് ഓർഡർ കിട്ടാത്തത് കൊണ്ടാണ് ജയിലിൽ നിന്നിറങ്ങാൻ വൈകിയത്. ഒപ്പിടാൻ സമീപിച്ചത് രാവിലെയാണ്. വൈകിട്ട് ഒപ്പിടാതെ മടക്കി അയച്ചു എന്നത് തെറ്റായ പ്രചാരണമാണ്. പണം അടയ്ക്കാൻ കഴിയാതെ ജയിലിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത നിരവധി പേരുണ്ട്. അവർക്ക് പിന്തുണ മാത്രമാണ് പ്രഖ്യാപിച്ചത്. അതിന്റെ പേരിൽ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് തീരുമാനിച്ചിട്ടില്ല.
തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നില്ല. ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കേണ്ടതില്ല. ഒരാളെയും വിഷമിപ്പിക്കാൻ ഇന്നേവരെ ശ്രമിച്ചിട്ടില്ല.
ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചുവെന്ന് തോന്നുന്നുണ്ടെങ്കിൽ മാപ്പ്. ഇനി വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കും. ഹണി റോസിനെപ്പോലയുള്ള സെലിബ്രിറ്റികളെ ഇനിയും ക്ഷണിക്കും. അത് മാർക്കറ്റിംഗിനാണ്. ഈ വിഷയങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല.
`ജാമ്യം കിട്ടാത്തവർക്കായി കഴിയുന്ന ധനസഹായം ചെയ്യും. അതിനായി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പല മേഖലകളിലും ചാരിറ്റി നടത്തുന്നത് പോലെത്തന്നെയാണിത്.'
- ബോബി ചെമ്മണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |