തിരുവനന്തപുരം: സംസ്ഥാനത്തെ കോടതി ഫീസ് അഞ്ചിരട്ടി വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധസമിതിയുടെ ശുപാർശ. കോടതികളുടെ പ്രവർത്തനത്തിന് കേന്ദ്രസർക്കാർ അർഹമായ പണം നൽകുന്നില്ലെന്നും ഈ സാഹചര്യത്തിൽ ഫീസ് പരിഷ്‌കാരം അനിവാര്യമാണെന്നും റിട്ട. ജസ്റ്റിസ് വി. കെ. മോഹനൻ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഇന്നലെ നിയമ മന്ത്രി പി. രാജീവിന് കൈമാറി. 2003ലാണ് അവസാനമായി കോടതി ഫീസ് പരിഷ്‌കരിച്ചത്. അതിനാൽ കോടതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് കനത്ത സാമ്പത്തിക ഭാരമാണുള്ളത്. നീതിന്യായ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്തിരട്ടി തുകയാണ് സംസ്ഥാന സർക്കാരിന് ചെലവാകുന്നത്. 2023ൽ 125.6 കോടിയാണ് നീതിന്യായ സ്ഥാപനങ്ങളിൽ നിന്നു ലഭിച്ചത്. എന്നാൽ 1248.75 കോടിയായിരുന്നു സർക്കാരിന് ഈ വിഭാഗത്തിൽ ചെലവഴിക്കേണ്ടി വന്ന തുകയെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂർ ജാമ്യത്തിനും ഫീസ്
ഒത്തുതീർപ്പ് കേസുകൾ, സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസുകൾ തുടങ്ങിയ ഹർജികളിലും മുൻകൂർ ജാമ്യ അപേക്ഷകളിലും നിശ്ചിത ഫീസ് ചുമത്തിയിരുന്നില്ല. ഇതിനും ഫീസ് ഏർപ്പെടുത്തണമെന്ന് റിപ്പോർട്ടിലുണ്ട്. അഭിഭാഷകരിൽ നിന്നും അഭിഭാഷക സംഘടനകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സുപ്രീംകോടതിയുടെയും മറ്റും വിധിന്യായങ്ങളുടെയും ലാകമ്മിഷന്റെ 189ാമത് റിപ്പോർട്ടിലെ ശുപാർശകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനനാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. സമിതി കൺവീനറായ ലാ സെക്രട്ടറി കെ. ജി. സനൽകുമാർ,ഫിനാൻസ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ഡോ. എൻ.കെ. ജയകുമാർ, സി.പി. പ്രമോദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |